തന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ദേശീയ ടീം വിട്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു- റൊണാള്‍ഡോ
ഒടുവില്‍ ദേശീയ ടീം വിട്ടതില്‍ മൗനം വെടിഞ്ഞ് പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നേഷന്‍സ് ലീഗിനിടയില്‍ സംഭവിച്ചത് എന്താണെന്നും താരം വെളിപ്പെടുത്തി. പോര്‍ച്ചുഗലിന്റെ മുഖ്യപരിശീലകന്‍ പരിശീലകന്‍ ഹോര്‍ഹെ ജിസ്യൂസ് വാക്കുപാലിച്ചില്ലന്ന് 41 കാരനായ താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. നവംബറിലെ അടുത്ത മത്സരത്തിനായി താന്‍ ദേശീയ ടീമിന് ലഭ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നില്ലെന്നും താരത്തിന്റെ കുറിപ്പ് സ്ഥിരീകരിക്കുന്നു.
കളിക്കളത്തിലെ സമയത്തെക്കുറിച്ച് കോച്ച് തന്നെ നിരന്തരം കബളിപ്പിച്ചുവെന്നും, തന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ദേശീയ ടീം വിട്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും റൊണാള്‍ഡോ പറയുന്നു. പരിശീലകന്‍ പറഞ്ഞിട്ടായിരുന്നു വാം അപ്പ് ചെയ്തത്. നോര്‍വേക്കെതിരെ മുപ്പത് മിനിറ്റ് കളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ ആ വാക്ക് കോച്ച് പാലിച്ചില്ല. കാര്യങ്ങള്‍ മാധ്യമങ്ങളോട് തുറന്നു പറയുമെന്ന വാക്കും അദ്ദേഹം പാലിച്ചില്ല. ക്യാംപ് വിട്ടുപോയതില്‍ താരം മാപ്പുചോദിക്കുകയും ചെയ്തു.
ലോകകപ്പില്‍ സ്‌പെയിനിനോടുള്ള തോല്‍വിക്ക് പിന്നാലെ ഒരു കത്ത് തയ്യാറാക്കിയതായും താരം പറഞ്ഞു. എന്നാല്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം അത് പരസ്യമാക്കിയില്ലെന്നും അദ്ദേഹം തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആ കത്ത് ഇപ്പോഴും തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
