ഗുവാഹത്തിയിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം
പ്രതികൂല കാലാവസ്ഥയിലും പിച്ചും ഔട്ട്ഫീല്‍ഡും മികച്ച രീതിയില്‍ സംരക്ഷിച്ച ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനും ക്യൂറേറ്റര്‍മാര്‍ക്കും 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് അസം ക്രിക്കറ്റ് അസോസിയേഷന്‍. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് മത്സരങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടായിരുന്നിട്ടും, കഠിനപ്രയത്‌നത്തിലൂടെ കളി നടത്താന്‍ സൗകര്യമൊരുക്കിയതിനാണ് ഈ അംഗീകാരം. രാജസ്ഥാന്‍ റോയല്‍സിന്റെ ഗുവാഹത്തിയിലെ മൂന്ന് ഹോം മത്സരങ്ങളിലും മഴ വില്ലനായിരുന്നു.
മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരം മഴ കാരണം 11 ഓവര്‍ വീതമായി ചുരുക്കേണ്ടി വന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവര്‍ക്കെതിരായ മത്സരങ്ങളും കാലാവസ്ഥാ വ്യതിയാനം കാരണം വെല്ലുവിളികള്‍ നേരിട്ടു. എന്നാല്‍, ഓരോ തവണ മഴ മാറുമ്പോഴും കളി ഉടന്‍ പുനരാരംഭിക്കാന്‍ പാകത്തില്‍ ഗ്രൗണ്ട് സജ്ജമാക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചു. ''വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും പിച്ചുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ സംരക്ഷിക്കാന്‍ ക്യൂറേറ്റര്‍ക്കും ഗ്രൗണ്ട് സ്റ്റാഫിനും സാധിച്ചു. മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനും സ്റ്റേഡിയത്തിന്റെ ഖ്യാതി നിലനിര്‍ത്തുന്നതിനും ഇവരുടെ സേവനം നിര്‍ണ്ണായകമായിരുന്നു.'' എന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
