ക്യാച്ചിനായി പിന്നിലേക്ക് ഓടി, തലയടിച്ച് ഗ്രൗണ്ടിൽ വീണു; ലുൻഗി എൻഗിഡിക്ക് ഗുരുതര പരിക്ക്

  1. Home
  2. Sports

ക്യാച്ചിനായി പിന്നിലേക്ക് ഓടി, തലയടിച്ച് ഗ്രൗണ്ടിൽ വീണു; ലുൻഗി എൻഗിഡിക്ക് ഗുരുതര പരിക്ക്

ngidi


ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ ലുൻഗി എൻഗിഡിക്ക് ഗുരുതര പരിക്ക്. പഞ്ചാബ് താരം പ്രിയാംശ് ആര്യയുടെ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ തല ശക്തിയായി ഗ്രൗണ്ടിൽ ഇടിച്ചാണ് താരത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ആംബുലൻസ് ഗ്രൗണ്ടിലെത്തിച്ച് താരത്തെ ഡൽഹിയിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി.

പഞ്ചാബ് ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങൾ. ഡൽഹി ഉയർത്തിയ 265 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടരുകയായിരുന്ന പഞ്ചാബ് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. അക്ഷർ പട്ടേൽ എറിഞ്ഞ പന്തിൽ പ്രിയാംശ് ആര്യ നൽകിയ ക്യാച്ച് മിഡ് ഓഫിൽ നിന്ന് പിന്നിലേക്ക് ഓടി കൈയിലൊതുക്കാൻ ശ്രമിക്കുകയായിരുന്നു എൻഗിഡി. എന്നാൽ ബാലൻസ് തെറ്റി തല ഗ്രൗണ്ടിൽ ഇടിച്ചു വീഴുകയായിരുന്നു. വീണ ഉടനെ താരം വേദനകൊണ്ട് തല പൊത്തിപ്പിടിക്കുന്നത് കണ്ടതോടെ സഹതാരങ്ങളും ടീം ഡോക്ടറും അതിവേഗം അടുത്തേക്ക് ഓടിയെത്തി.

പരിശോധനയ്ക്ക് ശേഷം സ്‌ട്രെക്ചറിൽ ആംബുലൻസിലേക്ക് മാറ്റിയാണ് താരത്തെ ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. ഗ്രൗണ്ടിൽ വെച്ച് തന്നെ ടീം ഫിസിയോയുമായി എൻഗിഡി സംസാരിച്ചുവെന്നത് ആരാധകർക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്. എങ്കിലും തലയ്ക്കേറ്റ പരിക്കായതിനാൽ വിദഗ്ധ പരിശോധനകൾക്ക് ശേഷമേ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ. ഡൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ച് എൻഗിഡിയുടെ പരിക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.