ചെന്നൈക്കായുള്ള അരങ്ങേറ്റത്തിൽ സഞ്ജുവിന് നിരാശ; രാജസ്ഥാനെതിരെ 6 റൺസുമായി മടങ്ങി
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായുള്ള (CSK) കന്നിയങ്കത്തിൽ മലയാളി താരം സഞ്ജു സാംസണ് നിരാശ. തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയുള്ള പോരാട്ടത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു, 7 പന്തിൽ 6 റൺസ് മാത്രമെടുത്ത് പുറത്തായി. ഒരു ഫോർ മാത്രമാണ് സഞ്ജുവിന്റെ ഇന്നിങ്‌സിലെ ആകെയുള്ള ആശ്വാസം.
ഗുവാഹത്തിയിലെ ബർസാപാരാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പമാണ് സഞ്ജു ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടാം ഓവറിലെ അവസാന പന്തിൽ നാന്ദ്രെ ബർഗർ സഞ്ജുവിനെ ക്ലീൻ ബൗൾഡാക്കി. ടീം സ്കോർ 14-ൽ നിൽക്കെയായിരുന്നു സഞ്ജുവിന്റെ മടക്കം.
സഞ്ജുവിന് പിന്നാലെ ഋതുരാജും (6 റൺസ്), ആയുഷ് മാത്രെയും (ഡക്ക്) പുറത്തായതോടെ ചെന്നൈ പ്രതിരോധത്തിലായി. വെറും 19 റൺസ് ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. മഴ കാരണം അഞ്ച് മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. ഐപിഎൽ ചരിത്രത്തിൽ ഇരു ടീമുകളും നേർക്കുനേർ വന്ന 31 മത്സരങ്ങളിൽ 16 തവണ ചെന്നൈയും 15 തവണ രാജസ്ഥാനുമാണ് വിജയിച്ചിട്ടുള്ളത്. സഞ്ജുവിന്റെ ഈ അപ്രതീക്ഷിത പുറത്താകൽ ചെന്നൈ ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്.
English Slug: Sanju Samson fails in CSK debut; out for 6 runs against former team Rajasthan Royals.
