ബീച്ചിൽ ഇറങ്ങി സിക്‌സറടിച്ച് സഞ്ജു; ചെന്നൈയുടെ സ്വന്തം 'ചേട്ടനായി' ആരാധകർക്കൊപ്പം

  1. Home
  2. Sports

ബീച്ചിൽ ഇറങ്ങി സിക്‌സറടിച്ച് സഞ്ജു; ചെന്നൈയുടെ സ്വന്തം 'ചേട്ടനായി' ആരാധകർക്കൊപ്പം

sanju


സുരക്ഷാ സന്നാഹങ്ങളോ താര ജാഡകളോ ഇല്ലാതെ ചെന്നൈയിലെ ബീച്ചിലിറങ്ങി ആരാധകർക്കൊപ്പം ക്രിക്കറ്റ് കളിച്ച് മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തിയ സഞ്ജു, ഇപ്പോൾ ചെന്നൈ ആരാധകരുടെ പ്രിയപ്പെട്ട 'ചേട്ടനായി' മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബീച്ചിൽ കാറിൽ വന്നിറങ്ങി പ്രദേശിക കളിക്കാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

A post shared by Team Samson (@team.samson)

ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് അപ്രതീക്ഷിതമായി എത്തിയ സഞ്ജു അവരിൽ ഒരാളായി മാറുകയായിരുന്നു. വലംകൈയ്യൻ ബാറ്ററായ സഞ്ജു ബീച്ചിൽ ആദ്യം ഇടംകൈയ്യനായി ബാറ്റ് ചെയ്തത് കൗതുകമായി. പ്രാദേശിക ബൗളർ എറിഞ്ഞ പന്ത് സഞ്ജു സിക്‌സറിന് പറത്തിയപ്പോൾ ആവേശത്തിലായ ആരാധകർ താരത്തെ പൊതിഞ്ഞു. മടങ്ങുന്നതിന് മുൻപ് സിഎസ്കെയുടെ ആവേശം വിളിച്ചോതുന്ന 'തട്രോം...തൂക്രോം' ഡയലോഗും ആരാധകരെക്കൊണ്ട് പറയിപ്പിച്ചാണ് സഞ്ജു മടങ്ങിയത്.

തമിഴ്നാട്ടിലെ ആരാധകർ തനിക്ക് നൽകുന്ന സ്നേഹത്തെക്കുറിച്ച് 'സൂപ്പർ കിംഗ്‌സ് പോഡ്‌കാസ്റ്റിൽ' സഞ്ജു മനസ് തുറന്നിരുന്നു. എവിടെ വെച്ച് ഒരു തമിഴ്നാട്ടുകാരനെ കണ്ടാലും ചെന്നൈ ടീമിലേക്ക് വരാൻ അവർ ആവശ്യപ്പെടുമായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. മഞ്ഞ ജേഴ്സി അണിയുമ്പോൾ വലിയ ഉത്തരവാദിത്തം തോന്നുന്നുണ്ടെന്നും ഓരോ ഷോട്ട് കളിക്കുമ്പോഴും ആരാധകരെ നിരാശപ്പെടുത്താതിരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ടെന്നും താരം കൂട്ടിചേർത്തു. പെരുമാറ്റം കൊണ്ട് മാത്രമല്ല, തകർപ്പൻ പ്രകടനം കൊണ്ടും സഞ്ജു സിഎസ്കെ ആരാധകരുടെ മനം കവർന്നു കഴിഞ്ഞു. ഈ സീസണിൽ ചെന്നൈക്കായി 11 മത്സരങ്ങളിൽ നിന്ന് 430 റൺസ് നേടിയ സഞ്ജു രണ്ട് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.