ഏകദിന ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കില്ല; ഇഷാൻ കിഷൻ തിരിച്ചെത്തിയേക്കും
മലയാളി താരം സഞ്ജു സാംസന്റെ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തകളാണ് ബിസിസിഐ വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നത്. ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, വരാനിരിക്കുന്ന ഏകദിന പരമ്പരകളിൽ സഞ്ജുവിനെ തൽക്കാലം പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. പകരം യുവതാരം ഇഷാൻ കിഷൻ ടീമിലേക്ക് തിരിച്ചെത്തിയേക്കും.
അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെ ഉൾപ്പെടുത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎല്ലിലും ലോകകപ്പിലും മികച്ച ഫോമിലായിരുന്നിട്ടും സഞ്ജുവിന് ഏകദിന ടീമിൽ ഇടം ലഭിക്കില്ലെന്ന സൂചനകൾ ശക്തമാണ്. ഇതോടെ, 2023 ഒക്ടോബറിന് ശേഷം ആദ്യമായി ഇഷാൻ കിഷൻ ഏകദിന ടീമിൽ ഇടംപിടിച്ചേക്കും. മേയ് 19-ന് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഔദ്യോഗികമായി ടീമിനെ പ്രഖ്യാപിക്കും.
നിലവിൽ കെ.എൽ. രാഹുൽ തന്നെയാണ് ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്റർ. ബാറ്റിങ് ഓർഡറിൽ ഏതു സ്ഥാനത്തും കളിക്കാനുള്ള ഇഷാന്റെ മികവാണ് അദ്ദേഹത്തിന് മുൻഗണന നൽകുന്നത്. ഐപിഎല്ലിലെ മോശം പ്രകടനം കാരണം ഋഷഭ് പന്തിനെ പരിഗണിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സഞ്ജു തന്റെ അവസാന ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറി നേടിയിരുന്നെങ്കിലും സെലക്ടർമാരുടെ താൽപ്പര്യം ഇഷാൻ കിഷനിലാണെന്നാണ് സൂചന.
അതേസമയം, മുതിർന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഏകദിന ഭാവി സംബന്ധിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് പരമ്പരകളിലെ മോശം പ്രകടനമാണ് ജഡേജയ്ക്ക് തിരിച്ചടിയാകുന്നത്. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 43 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്, വിക്കറ്റുകളൊന്നും ലഭിച്ചിരുന്നതുമില്ല.
