വിമർശനങ്ങൾ തള്ളി സഞ്ജു സാംസൺ; ‘എലിപ്പന്തയത്തിനില്ല, കളി ഇനി എന്റെ രീതിയിൽ’

  1. Home
  2. Sports

വിമർശനങ്ങൾ തള്ളി സഞ്ജു സാംസൺ; ‘എലിപ്പന്തയത്തിനില്ല, കളി ഇനി എന്റെ രീതിയിൽ’

sanju


ഇന്ത്യൻ ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയെക്കുറിച്ചുള്ള വിമർശനങ്ങൾക്കും മറുപടിയുമായി മലയാളി താരം സഞ്ജു സാംസൺ. മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നത് നിർത്തി സ്വന്തം ശൈലിയിൽ കളി ആസ്വദിക്കാൻ തീരുമാനിച്ചതായി സഞ്ജു വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിൽ നിലനിൽക്കുന്ന 'എലിപ്പന്തയത്തിന്റെ' ഭാഗമാകാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

31 വയസ്സായ തനിക്ക് കരിയറിൽ ഇനി ചുരുക്കം വർഷങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും, താൻ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് മറ്റാരും ഉപദേശിക്കേണ്ടതില്ലെന്നും സഞ്ജു വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിലെ നിർണായക മത്സരങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിന് മുന്നോടിയായി ജോഫ്ര ആർച്ചർക്കെതിരെയുള്ള മുൻകാല റെക്കോർഡുകളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നില്ലെന്നും, ഫൈനലിൽ ടീമിന്റെ പ്രധാന റൺവേട്ടക്കാരൻ എന്ന നിലയിൽ വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തതെന്നും അദ്ദേഹം ഓർത്തു.

കരിയറിന്റെ തുടക്കത്തിൽ മുൻ നായകൻ വിരാട് കോലി നൽകിയ ഫിറ്റ്‌നസ് ഉപദേശങ്ങളെക്കുറിച്ചും സഞ്ജു വെളിപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ പിടിച്ചുനിൽക്കാൻ കോലി പറഞ്ഞ കടുത്ത ഡയറ്റും ജീവിതശൈലിയും കുറച്ചുകാലം പിന്തുടർന്നുവെങ്കിലും, അത്രയും കാർക്കശ്യമുള്ള രീതി ദീർഘകാലം തുടരാൻ സാധിച്ചില്ലെന്ന് താരം തുറന്നുപറഞ്ഞു.