സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെ ഓപ്പണര്‍ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചുവെന്ന് ആകാശ് ചോപ്ര
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെ ഓപ്പണര്‍ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ദില്ലി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ പരമ്പരയിലെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയതിന് പിന്നാലെയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പ്രശംസിച്ചത്. 35 പന്തിൽ രണ്ട് ഫോറും നാല് സിക്സറുമടക്കം 50 റൺസാണ് സഞ്ജു നേടിയത്. ഈ ബാറ്റിംഗ് പ്രകടനം സഞ്ജുവിന് വലിയ ആശ്വാസം നൽകുമെന്നും ടീമിലെ സ്ഥാനം സംബന്ധിച്ച ആശങ്കകൾക്ക് താത്കാലികമായി വിരാമമിടുമെന്നും ചോപ്ര പറഞ്ഞു.
മറുവശത്ത് മറ്റൊരു ബാറ്റർ ആഞ്ഞടിക്കുമ്പോൾ പലപ്പോഴും കൂടെയുള്ളയാൾ അൽപം മങ്ങിപ്പോകാറുണ്ട്. എന്നാൽ സഞ്ജു തന്‍റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. തുടർച്ചയായി രണ്ട് അർധസെഞ്ചുറികൾ നേടിയതോടെ അടുത്ത കാലത്തൊന്നും സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റാൻ ആർക്കും സാധിക്കില്ല. വരും മത്സരങ്ങളിലും ഇതേ ഫോം തുടരാൻ സഞ്ജുവിന് സാധിക്കട്ടെയെന്നും ആകാശ് ചോപ്ര പറഞ്ഞു. 31-കാരനായ സഞ്ജു പരമ്പരയിലെ മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 39.00 ശരാശരിയിലും 180.00 സ്ട്രൈക്ക് റേറ്റിലും 117 റൺസാണ് അടിച്ചുകൂട്ടിയത്.
അവസാന മത്സരത്തിൽ വെറും 30 പന്തിൽ നിന്ന് സെഞ്ചുറി നേടി ചരിത്രം കുറിച്ച ഓപ്പണർ അഭിഷേക് ശർമ്മയെയും ആകാശ് ചോപ്ര വാനോളം പുകഴ്ത്തി. ഒരു ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ ടി20യിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡാണ് അഭിഷേക് സ്വന്തമാക്കിയത്. മത്സരത്തിൽ 34 പന്തിൽ 108 റൺസ് നേടിയാണ് അഭിഷേക് പുറത്തായത്. വീഡിയോ ഗെയിമുകളിൽ പോലും ഇത്രയും ശക്തിയോടെ പന്ത് അടിച്ചുപറത്താൻ സാധിക്കില്ലെന്നും ഒരു വശത്ത് അഭിഷേക് ഫോമിലായാൽ പിന്നെ ബോളിംഗ് നിരയെ പൂർണമായി തകർത്തെറിയുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
