ചൈനയെ കീഴടക്കി സാത്വിക്-ചിരാഗ് സഖ്യം; ചൈന മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ കിരീടം ഇന്ത്യയ്ക്ക്
ചൈന മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ചൈനീസ് സഖ്യത്തെ തകർത്ത് ഇന്ത്യയുടെ സാത്വിക് സായിരാജ് രാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി ജോഡിക്ക് കിരീടം. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ചൈനയുടെ ഹെ ജി ടിങ് - റെൻ ഷിയാങ് യു സഖ്യത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യത്തിന്റെ ചരിത്ര വിജയം. ഒരു മണിക്കൂറും പത്ത് മിനിറ്റും നീണ്ട പോരാട്ടത്തിൽ ആദ്യ ഗെയിം കൈവിട്ട ശേഷം ശക്തമായി തിരിച്ചുവന്നാണ് സാത്വിക്കും ചിരാഗും വിജയം പിടിച്ചെടുത്തത്. സ്‌കോർ: 11-21, 21-13, 21-17.
ചൈന മാസ്‌റ്റേഴ്‌സിൽ ഇതാദ്യമായാണ് സാത്വിക് - ചിരാഗ് സഖ്യം ചാമ്പ്യന്മാരാകുന്നത്. 2023-ലും 2025-ലും ഫൈനലിൽ കടന്നെങ്കിലും കിരീടം നേടാൻ സാധിച്ചിരുന്നില്ല. ലോക അഞ്ചാം റാങ്കുകാരായ ഇന്ത്യൻ ജോഡിയുടെ ഈ വർഷത്തെ രണ്ടാമത്തെ പ്രധാന കിരീടനേട്ടമാണിത്. നേരത്തെ സിംഗപ്പൂർ ഓപ്പണിലും ഇവർ കിരീടം നേടിയിരുന്നു.
