യു.എ.ഇയെ തോൽപ്പിച്ച് സൗദി അറേബ്യയ്ക്ക് 27-ാമത് ഗൾഫ് കപ്പ് കിരീടം
27-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ കിരീടം സൗദി അറേബ്യ സ്വന്തമാക്കി. ജിദ്ദയിലെ അൽഇൻമ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ യു.എ.ഇയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് (2-0) പരാജയപ്പെടുത്തിയാണ് സൗദി ചാമ്പ്യന്മാരായത്.
11-ാം മിനിറ്റിൽ ഹമ്മാം അൽഹമ്മാമിയും 13-ാം മിനിറ്റിൽ ഫിറാസ് അൽബ്രൈക്കാനും നേടിയ ഗോളുകളാണ് സൗദി ടീമിന് ചരിത്രവിജയം സമ്മാനിച്ചത്. മികച്ച ഗോൾ സേവുകളോടെ കളംനിറഞ്ഞ ഗോൾകീപ്പർ മുഹമ്മദ് അൽഉവൈസിന്റെ പ്രകടനവും സൗദിയുടെ വിജയത്തിൽ നിർണ്ണായകമായി.
സൗദി അറേബ്യ സ്വന്തമാക്കുന്ന നാലാമത്തെ ഗൾഫ് കപ്പ് കിരീടമാണിത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഫൈനൽ മത്സരം നടന്നത്. എട്ട് ഗൾഫ് രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിന് ചരിത്രത്തിൽ ആദ്യമായാണ് ജിദ്ദ ആതിഥേയത്വം വഹിച്ചത്.
