ക്രിക്കറ്റിലും വൻ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ; ഒക്ടോബറിൽ ആദ്യ ടി20 ലീഗ്; ബ്രാൻഡ് അംബാസഡറായി യുവരാജ് സിങ്
ഫുട്‌ബോളിനും ഗോൾഫിനും പിന്നാലെ കായികരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാൻ സൗദി അറേബ്യ ക്രിക്കറ്റിലേക്ക് ചുവടുവെക്കുന്നു. സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രാജ്യം സംഘടിപ്പിക്കുന്ന ആദ്യത്തെ പ്രൊഫഷണൽ ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂർണമെന്റായ 'ഡ്യൂൺസ് ടി20 ലീഗ്' ഈ വർഷം ഒക്ടോബർ രണ്ടാം വാരത്തിൽ ആരംഭിക്കും.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളും ഉയർന്നുവരുന്ന യുവ പ്രതിഭകളും ഒരുമിച്ച് അണിനിരക്കുന്ന ഈ ബൃഹദ് ലീഗിൽ ആറ് കരുത്തരായ ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. മക്ക പ്രവിശ്യയിലെ മനോഹരമായ ടൂറിസ്റ്റ് നഗരമായ ത്വാഇഫ് (Taif) ആണ് ഈ ചരിത്ര മത്സരങ്ങൾക്ക് വേദിയാകുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ഓൾറൗണ്ടർ യുവരാജ് സിംഗാണ് ലീഗിന്റെ ഔദ്യോഗിക ആഗോള അംബാസഡറായി പ്രവർത്തിക്കുക.
സൗത്ത് ഏഷ്യൻ നെറ്റ്വർക്ക് ലിമിറ്റഡിനാണ് ടൂർണമെന്റിന്റെ ആഗോള സംപ്രേഷണാവകാശം നൽകിയിരിക്കുന്നത്. ലോകോത്തര ലീഗുകളോട് കിടപിടിക്കുന്ന രീതിയിൽ ഒരുക്കുന്ന ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച താരങ്ങൾക്ക് ഒരു ലക്ഷം യു.എസ് ഡോളർ വരെയാകും പ്രതിഫലമായി ലഭിക്കുകയെന്ന് സംഘാടകർ വ്യക്തമാക്കി. നിലവിൽ മികച്ച രീതിയിലുള്ള ക്രിക്കറ്റ് സംസ്കാരം വളർന്നുവരുന്ന സൗദി അറേബ്യയിൽ മുന്നൂറ്റെഴുപതിലധികം സജീവ ക്രിക്കറ്റ് ക്ലബുകളും ഏഴായിരത്തി ഇരുന്നൂറിലധികം രജിസ്റ്റേർഡ് കളിക്കാരുമുണ്ട്. ടൂർണമെന്റിൽ പങ്കെടുക്കുന്ന വിവിധ അന്താരാഷ്ട്ര വേദികൾ, ഫ്രാഞ്ചൈസി ടീമുകൾ, കൊമേഴ്ഷ്യൽ പങ്കാളികൾ തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ സംഘാടകർ ഔദ്യോഗികമായി പുറത്തുവിടും. വിഖ്യാതമായ സൗദി വിഷൻ 2030-ന്റെ ഭാഗമായി കായിക മേഖലയെ ഉത്തേജിപ്പിക്കുന്നതിന്റെ നിർണ്ണായക ചുവടുവെപ്പായാണ് ഈ ലീഗ് വിലയിരുത്തപ്പെടുന്നത്.
