പൊതുഇടങ്ങളിൽ ലോകകപ്പ് ആവേശം നിറക്കാൻ സൗദി; പാർക്കുകളിൽ മത്സരങ്ങൾ തത്സമയം കാണാം
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കാൻ വിപുലമായ പദ്ധതിയുമായി സൗദി അറേബ്യ. രാജ്യത്തെ പ്രധാന നഗരങ്ങളിലെ പാർക്കുകളിലും പൊതുഇടങ്ങളിലും വലിയ സ്ക്രീനുകളിൽ മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് മുനിസിപ്പൽ, ഗ്രാമീണ കാര്യ, വസതി മന്ത്രാലയം അറിയിച്ചു. ‘നിങ്ങളുടെ വീട്ടിൽ നിന്ന് നിങ്ങളുടെ നഗരത്തിലേക്ക്... ലോകകപ്പ് അന്തരീക്ഷം അനുഭവിക്കൂ’ എന്ന പ്രമേയത്തിലാണ് മന്ത്രാലയം ഈ സൌകര്യമൊരുക്കുന്നത്.
കായികരംഗത്ത് പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി രൂപം നൽകിയ ‘നമ്മുടെ നഗരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു’ എന്ന പ്രത്യേക സംരംഭത്തിന്റെ ഭാഗമായാണ് നടപടി. നഗര കേന്ദ്രങ്ങളും പൊതു പാർക്കുകളും കായികമാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ തക്കവണ്ണം അത്യാധുനിക ദൃശ്യ-ശ്രാവ്യ സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്വദേശികൾക്കും വിദേശികളായ സന്ദർശകർക്കും സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷത്തിൽ കളി ആസ്വദിക്കാനുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും സൌകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികൾക്കും ഗവർണറേറ്റുകൾക്കുമാണ് പദ്ധതി നടപ്പിലാക്കാനുള്ള പൂർണ്ണ ചുമതല. നഗരങ്ങളിലെ പൊതുഇടങ്ങൾ കൂടുതൽ സജീവമാക്കാനും ജനങ്ങൾക്ക് സമാനതകളില്ലാത്ത ലോകകപ്പ് അനുഭവം സമ്മാനിക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ ഈ വേറിട്ട നീക്കം.
