സൗദി പ്രോ ലീഗ്; അൽ നജ്മയെ തകർത്ത് അൽ നസ്ർ ഒന്നാമത്
സൗദി പ്രോ ലീഗിൽ അൽ നജ്മക്കെതിരെ അൽ നസ്റിന് തകർപ്പൻ ജയം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് അൽ നസ്ർ അൽ നജ്മയെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ 58 പോയിന്റുകളുമായി അൽ നസ്ർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. കളിയുടെ ഏഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്.
32-ാം മിനിറ്റിൽ ബ്രോസോവിച്ചിന്റെ പാസിൽ നിന്നും കിങ്സ്ലി കോമാൻ രണ്ടാം ഗോൾ നേടി. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഇനിഗോ മാർട്ടിനെസ് ഉതിർത്ത ലോങ് റേഞ്ചർ വലയിൽ പതിച്ചതോടെ അൽ നസ്ർ മൂന്ന് ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന മഞ്ഞപ്പടയ്ക്കായി 52-ാം മിനിറ്റിൽ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നും സാദിയോ മാനെ നാലാം ഗോൾ കണ്ടെത്തി. 80-ാം മിനിറ്റിൽ അബ്ദുറഹ്മാൻ ഗരീബ് എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ വലയിലാക്കി ഇനിഗോ മാർട്ടിനെസ് തന്റെ രണ്ടാം ഗോളും ടീമിന്റെ അഞ്ചാം ഗോളും പൂർത്തിയാക്കി.
നിലവിൽ 8 പോയിന്റുകൾ മാത്രമുള്ള അൽ നജ്മ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.
