സെറീന വില്ല്യംസ് - കാർലോസ് അൽക്കരാസ്: യു.എസ് ഓപ്പണിൽ സ്വപ്ന മിക്സഡ് ഡബിൾസ് സഖ്യം
ടെന്നീസ് ലോകത്തെ ആവേശത്തിലാഴ്ത്തി വനിതാ ഇതിഹാസം സെറീന വില്ല്യംസും ലോക രണ്ടാം നമ്പർ പുരുഷ താരം കാർലോസ് അൽക്കരാസും ഒരുമിച്ച് കളത്തിലിറങ്ങുന്നു. ഈ ആഴ്ച ആരംഭിക്കുന്ന യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസിലാണ് ഈ 'ബ്ലോക്ക്ബസ്റ്റർ' സഖ്യം മത്സരിക്കുക. സംഘത്തിന് യു.എസ്.ടി.എ വൈൽഡ് കാർഡ് അനുവദിച്ചിട്ടുണ്ട്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 23 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള 44-കാരിയായ സെറീന പ്രൊഫഷണൽ ടെന്നീസിലേക്ക് തിരിച്ചെത്തുന്നത്. ആറ് തവണ സിംഗിൾസിലും ഒരു തവണ മിക്സഡ് ഡബിൾസിലും യു.എസ് ഓപ്പൺ ചാമ്പ്യനായിട്ടുള്ള താരമാണ് സെറീന. വലതുകൈയ്ക്ക് പരിക്കേറ്റ് ഏപ്രിൽ മുതൽ വിശ്രമത്തിലായിരുന്ന സ്പാനിഷ് താരം അൽക്കരാസ് ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നഷ്ടമായ ശേഷമാണ് കോർട്ടിലേക്ക് തിരിച്ചെത്തുന്നത്.
രണ്ട് വ്യത്യസ്ത തലമുറകളെ പ്രതിനിധീകരിക്കുന്ന വമ്പൻ താരങ്ങളുടെ കൂട്ടുക്കെട്ട് വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് - അരിന സബലേങ്ക സഖ്യവും ടൂർണമെന്റിൽ അണിനിരക്കുന്നുണ്ട്.
