ഷെഫാലി വർമയ്ക്ക് കന്നി സെഞ്ചുറി; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് ഫൈനലിൽ
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 114 റൺസിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിൽ കടന്നു. ഓപ്പണർ ഷെഫാലി വർമയുടെ തകർപ്പൻ കന്നി വൈറ്റ് ബോൾ സെഞ്ചുറിയുടെ (49 പന്തിൽ 100) കരുത്തിൽ ഇന്ത്യ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 15.4 ഓവറിൽ 81 റൺസിന് പുറത്തായി. 3 വിക്കറ്റ് വീതം വീഴ്ത്തിയ ദീപ്തി ശർമയും നന്ദനി ശർമയും ചേർന്നാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകർത്തത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. സ്മൃതി മന്ധാന (36), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (40) എന്നിവരും തിളങ്ങി. 9 സിക്സറുകളോടെ സെഞ്ചുറി തികച്ച ഷെഫാലി, ടി20യിൽ ഒരു മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി. ബംഗ്ലാദേശ് നിരയിൽ 27 റൺസെടുത്ത ദിലാര അക്തർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
