ഷെഫാലിയുടെ വെടിക്കെട്ട് ബാറ്റിങ്; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം

  1. Home
  2. Sports

ഷെഫാലിയുടെ വെടിക്കെട്ട് ബാറ്റിങ്; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം

SHEFALI VARMA


ശ്രീലങ്കൻ വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾക്ക് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം. ലങ്ക ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം വെറും 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക.

ഓപ്പണർ ഷെഫാലി വർമയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യൻ വിജയം വേഗത്തിലാക്കിയത്. വെറും 27 പന്തിൽ അർധ സെഞ്ച്വറി തികച്ച ഷെഫാലി, മത്സരത്തിൽ 34 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്നു. 11 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്സ്. ആദ്യ മത്സരത്തിലെ താരം ജെമിമ റോഡ്രിഗ്‌സ് 15 പന്തിൽ 26 റൺസെടുത്തു. സ്മൃതി മന്ധാന (14), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹർഷിത സമരവിക്രമ (33), ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു (31), ഹസിനി പെരേര (22) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ പൊരുതിയത്. മധ്യനിരയും വാലറ്റവും തകർന്നത് അവർക്ക് വലിയ തിരിച്ചടിയായി. നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സ്നേഹ് റാണ ലങ്കൻ റൺവേഗത നിയന്ത്രിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ഇന്ത്യയ്ക്കായി വൈഷ്ണവി ശർമ, ശ്രീ ചരണി എന്നിവർ രണ്ട് വിക്കറ്റ് വീതവും ക്രാന്തി ഗൗഡ് ഒരു വിക്കറ്റും വീഴ്ത്തി.