ഹൈജമ്പിൽ വെള്ളിയും ലോങ് ജമ്പിൽ വെങ്കലവും; ലോക അണ്ടർ-20 അത്‌ലറ്റിക്സിൽ ചരിത്രമെഴുതി ഇന്ത്യ
ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ബസന്ത് കുമാർ മേഗ്‌വാളും ഷാഹ്‌നവാസ് ഖാനും. ഹൈജമ്പിൽ വെള്ളി മെഡൽ നേടി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ബസന്ത് കുമാർ മാറി. 2.21 മീറ്റർ ഉയരം മറികടന്നാണ് ബസന്ത് തന്റെ മികച്ച വ്യക്തിഗത പ്രകടനത്തോടെ വെള്ളി അണിഞ്ഞത്. അൽജീരിയയുടെ യൂനസ് അയാച്ചി ഈ ഇനത്തിൽ സ്വർണവും ബ്രിട്ടന്റെ ഒറ്റിസ് പൂലെ വെങ്കലവും നേടി.
ലോങ്ജമ്പിൽ വെങ്കലം സ്വന്തമാക്കിയാണ് ഷാഹ്‌നവാസ് ഖാൻ ചരിത്രം കുറിച്ചത്. ലോക അണ്ടർ-20 അത്‌ലറ്റിക്സിന്റെ ലോങ്ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ഷാഹ്‌നവാസ്. ഫൈനലിൽ 7.84 മീറ്റർ ദൂരം ചാടിയാണ് താരം മൂന്നാമതെത്തിയത്. ഇറ്റലിയുടെ ഡാനിയൽ ഇൻസോലി സ്വർണവും ഓസ്‌ട്രേലിയയുടെ മാസൺ മഗ്രോഡർ വെള്ളിയും നേടി. മത്സരത്തിലിറങ്ങിയ ഇന്ത്യയുടെ ജിതിൻ അർജുൻ 7.55 മീറ്റർ ദൂരത്തോടെ എട്ടാം സ്ഥാനം നേടി.
ഇതോടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി ഉയർന്നു. ജാവലിൻ ത്രോയിൽ ആശിഷ് യാദവ് നേരത്തെ വെള്ളി മെഡൽ നേടിയിരുന്നു.
