ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ സ്ലാവ്കോ വിൻസിച്ച്; വിഡിയോ അസിസ്റ്റന്റ് പാനലിൽ ഖത്തരി റഫറിയും
ഫുട്ബാൾ ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം നിയന്ത്രിക്കാനുള്ള റഫറിമാരുടെ പാനൽ ഫിഫ പ്രഖ്യാപിച്ചു. സ്ലോവേനിയയിൽ നിന്നുള്ള പ്രമുഖ റഫറി സ്ലാവ്കോ വിൻസിച്ച് ആണ് ഫൈനൽ നിയന്ത്രിക്കുന്ന പ്രധാന റഫറി. ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീന - സ്പെയിൻ കലാശപ്പോരാട്ടത്തിലാണ് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രവൃത്തിപരിചയമുള്ള റഫറിമാരുടെ പാനൽ എത്തുന്നത്.
നേരത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലും, യൂറോ കപ്പിൽ ഫ്രാൻസും സ്പെയിനും തമ്മിലുള്ള ആവേശകരമായ സെമിഫൈനലും നിയന്ത്രിച്ചത് സ്ലാവ്കോ വിൻസിച്ചായിരുന്നു. സ്ലോവേനിയക്കാരായ തോമസ് ക്ലാൻക്നിക്, ആൻഡ്രാസ് കൊവാസിച്ച് എന്നിവരാണ് ഫൈനലിൽ അസിസ്റ്റന്റ് റഫറിമാരായി പ്രവർത്തിക്കുക.
അതേസമയം, ലോകകപ്പ് ഫൈനലിലെ നിർണ്ണായകമായ വിഡിയോ അസിസ്റ്റന്റ് റഫറി (VAR) പാനലിൽ ഖത്തറിൽ നിന്നുള്ള റഫറിയായ ഖമീസ് അൽ മർറിയും ഇടംപിടിച്ചു. സപ്പോർട്ട് വിഡിയോ അസിസ്റ്റന്റ് റഫറിയായാണ് ഖമീസ് അൽ മർറി പ്രവർത്തിക്കുക. ജർമ്മനിയുടെ ബാസ്റ്റ്യൻ ഡാങ്കെർട്ട്, കൊളംബിയയുടെ നിക്കോളാസ് ഗാലോ എന്നിവർക്കൊപ്പമാകും അൽ മർറി വാർ റൂമിൽ തീരുമാനങ്ങൾ വിലയിരുത്തുക. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റഫറിമാരെയാണ് ഫിഫ ഏറ്റവും പ്രധാനപ്പെട്ട ഫൈനൽ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
