വനിതാ ക്രിക്കറ്റിൽ ചരിത്രമെഴുതി സ്മൃതി മന്ദാന: റൺവേട്ടയിൽ മിതാലി രാജിനെ മറികടന്ന് ഒന്നാമത്

  1. Home
  2. Sports

വനിതാ ക്രിക്കറ്റിൽ ചരിത്രമെഴുതി സ്മൃതി മന്ദാന: റൺവേട്ടയിൽ മിതാലി രാജിനെ മറികടന്ന് ഒന്നാമത്

smrithi mandana


വനിതാ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന മഹാനേട്ടം ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന സ്വന്തമാക്കി. വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരെ മിന്നുന്ന സെഞ്ച്വറി (64 പന്തിൽ 124) കുറിച്ചാണ് സ്മൃതി ഈ ചരിത്രനേട്ടത്തിലെത്തിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ (10,868 റൺസ്) റൺവേട്ടയാണ് 10,880 റൺസോടെ സ്മൃതി മറികടന്നത്.

ഈ തകർപ്പൻ ഇന്നിങ്സോടെ ഒരുപിടി ലോകറെക്കോർഡുകളും താരം സ്വന്തം പേരിൽ കുറിച്ചു. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ (18) നേടുന്ന താരമെന്ന നേട്ടം മെഗ് ലാന്നിങ്, ലോറ വോൾവാർട്ട് (17 വീതം) എന്നിവരെ പിന്തള്ളി സ്മൃതി ഒറ്റയ്ക്ക് സ്വന്തമാക്കി. കൂടാതെ, അന്താരാഷ്ട്ര ടി20യിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വ നേട്ടവും സ്മൃതിക്ക് സ്വന്തം.

ഏഷ്യാ കപ്പ് ടി20 ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡും (124 റൺസ്) സ്മൃതി തട്ടിയെടുത്തു. ശ്രീലങ്കൻ നായിക ചമരി അട്ടപ്പട്ടുവിന്റെ (119) റെക്കോർഡാണ് സ്മൃതി പഴങ്കഥയാക്കിയത്.

വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ ടോപ് സ്കോറർമാർ:

  1. സ്മൃതി മന്ദാന (ഇന്ത്യ) - 10,880
  2. മിതാലി രാജ് (ഇന്ത്യ) - 10,868
  3. സുസി ബെയ്റ്റ്സ് (ന്യൂസിലൻഡ്) - 10,740
  4. ഷാർലെറ്റ് എഡ്വേർഡ്സ് (ഇംഗ്ലണ്ട്) - 10,273
  5. സ്റ്റെഫാനി ടെയ്ലർ (വെസ്റ്റ് ഇൻഡീസ്) - 10,007