ഡൗൺ സിൻഡ്രോം ബാധിതർക്ക് ഐക്യദാർഢ്യം; സ്‌പെഷ്യൽ ജേഴ്സിയണിഞ്ഞ് ബാഴ്‌സലോണ

  1. Home
  2. Sports

ഡൗൺ സിൻഡ്രോം ബാധിതർക്ക് ഐക്യദാർഢ്യം; സ്‌പെഷ്യൽ ജേഴ്സിയണിഞ്ഞ് ബാഴ്‌സലോണ

barcelona


ലോക ഡൗൺ സിൻഡ്രോം ദിനത്തോടനുബന്ധിച്ച് (മാർച്ച് 21) വേറിട്ട മാതൃകയുമായി സ്പാനിഷ് വമ്പന്മാരായ എഫ്.സി ബാഴ്‌സലോണ. ന്യൂകാസിൽ യുണൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിൽ പ്രത്യേക ഫോണ്ടിൽ പേരുകൾ ആലേഖനം ചെയ്ത ജേഴ്സി ധരിച്ചാണ് ബാഴ്സ താരങ്ങൾ കളത്തിലിറങ്ങിയത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ ഏഴ് ഗോളുകൾക്ക് ബാഴ്സ വിജയിക്കുകയും ചെയ്തു.

ഡൗൺ സിൻഡ്രോം ബാധിതയായ കറ്റാലൻ ആർട്ടിസ്റ്റ് അന്ന വിവ്സ് (Anna Vives) രൂപപ്പെടുത്തിയ സവിശേഷമായ ഫോണ്ടാണ് താരങ്ങളുടെ കിറ്റിൽ ഉപയോഗിച്ചത്. ബാഴ്‌സ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ഡൗൺ സിൻഡ്രോം ബാധിച്ചവർക്ക് സമൂഹത്തിലുള്ള പ്രാധാന്യവും അവർക്ക് നൽകേണ്ട പിന്തുണയും ബോധ്യപ്പെടുത്തുന്നതിനാണ് ക്ലബ്ബ് ഇത്തരമൊരു നീക്കം നടത്തിയത്.

2013-ൽ സാന്റോസിനെതിരെ നടന്ന ജോവാൻ ഗാമ്പർ ട്രോഫി മത്സരത്തിലാണ് ബാഴ്‌സ ആദ്യമായി അന്ന വിവ്സ് രൂപകൽപ്പന ചെയ്ത ഈ ഫോണ്ട് ജേഴ്‌സിയിൽ ഉപയോഗിക്കുന്നത്. കളിക്ക് പുറമെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലും തങ്ങൾ മുൻപന്തിയിലുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കറ്റാലൻ ക്ലബ്ബ്.