സൗരവ് ​ഗാം​ഗുലിയുടെ ജീവിതം സിനിമയാകുന്നു; ഷൂട്ടിങ് ഈ വർഷം അവസാനത്തോടെ

  1. Home
  2. Sports

സൗരവ് ​ഗാം​ഗുലിയുടെ ജീവിതം സിനിമയാകുന്നു; ഷൂട്ടിങ് ഈ വർഷം അവസാനത്തോടെ

Sourav Ganguly


മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായിരുന്ന സൗരവ് ​ഗാം​ഗുലിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിർമാതാക്കളും സംവിധായകരുമായ അങ്കുർ ​ഗാർ​ഗ്, ലവ് രഞ്ജൻ എന്നിവരാണ് ചിത്രമൊരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും കഴിഞ്ഞദിവസം കൊൽക്കത്തയിലെത്തി ​ഗാം​ഗുലിയെ സന്ദർശിച്ചു.

മഹേന്ദ്ര സിങ് ധോനിയുടെ ജീവിതം സിനിമയായതിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറെ ആരാധകരുള്ള സൗരവ് ​ഗാം​ഗുലിയുടെ ബയോപിക്കും പുറത്തിറക്കാനുള്ള ശ്രമം നടക്കുന്നത്. എം.എസ്. ധോനി: ദ അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിൽ സുശാന്ത് സിങ് രജ്പുത്തായിരുന്നു ടൈറ്റിൽ റോളിൽ. അങ്കുർ ​ഗാർ​ഗും ലവ് രഞ്ജനും ​ഗാം​ഗുലിയുടെ വസതിയിലെത്തിയ കാര്യം അടുത്തവൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ദാദയുമായി വിശദമായ ചർച്ച നടന്നു. ​ഗാം​ഗുലിയുടെ ജീവിതത്തിലെ പല സംഭവങ്ങളും സംവിധായകർ ശേഖരിച്ചു. ആദ്യഘട്ട തിരക്കഥ ഇതിനകം പൂർത്തിയായിട്ടുണ്ട്. ​ഗാം​ഗുലിയുടെ ജീവിതത്തിലെ പുറംലോകത്തിനറിയാത്ത അനുഭവങ്ങൾ തിരക്കഥയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ഒരു താരത്തിന്റെ ഓർമക്കുറിപ്പ് എന്നതിലുപരിയായൊരനുഭവം വെള്ളിത്തിരയിലൂടെ നൽകാനാണ് ​ഗാർ‌​ഗും രഞ്ജനും ശ്രമിക്കുന്നത്. ​​ഗാം​ഗുലിയുടെ ഭാര്യ ഡോണയിൽ നിന്നും ​ഗാം​ഗുലിയുമായി അടുത്ത് ബന്ധമുള്ളവരിൽ നിന്നും ഇരുവരും വിവരങ്ങൾ തേടുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേസമയം ബി​ഗ്സ്ക്രീനിൽ ആരാവും സൗരവ് ​ഗാം​ഗുലിയെ അവതരിപ്പിക്കുക എന്നതിനേക്കുറിച്ച് സ്ഥിരീകരണമൊന്നും ആയിട്ടില്ല. എങ്കിലും രൺബീർ കപൂറിന്റെ പേരാണ് പ്രചരിക്കുന്ന വാർത്തകളിൽ മുൻപന്തിയിലുള്ളത്. ആയുഷ്മാൻ ഖുറാനയാണ് ലിസ്റ്റിലുള്ള മറ്റൊരാൾ. വൻ മുതൽമുടക്കിലായിരിക്കും ​ഗാം​ഗുലിയുടെ ബയോപിക്ക് നിർമിക്കുകയെന്നും തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്നും നിർമാതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.