ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു; ബ്രെവിസിനെ ഒഴിവാക്കി, കോറ്റ്‌സി തിരിച്ചെത്തി

  1. Home
  2. Sports

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു; ബ്രെവിസിനെ ഒഴിവാക്കി, കോറ്റ്‌സി തിരിച്ചെത്തി

sa


ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം ഡെവാൾഡ് ബ്രെവിസിനെ ഒഴിവാക്കി. നമീബിയയിൽ നടന്ന ടി20 ത്രിരാഷ്ട്ര പരമ്പരയിൽ മികച്ച പ്രകടനം നടത്തിയിട്ടും ബ്രെവിസിനെ ഏകദിന ടീമിലേക്ക് സെലക്ടർമാർ പരിഗണിച്ചില്ല. ഈ മാസം 24 മുതൽ 30 വരെ ദക്ഷിണാഫ്രിക്കയിലാണ് പരമ്പര നടക്കുന്നത്. പരിക്കിനെ തുടർന്ന് പ്രമുഖ പേസർ കാഗിസോ റബാഡ പരമ്പരയിൽ നിന്ന് പുറത്തായി. എന്നാൽ പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായ പേസർ ജെറാൾഡ് കോറ്റ്‌സി മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തി. 2023-ലെ ഏകദിന ലോകകപ്പിലാണ് കോറ്റ്‌സി അവസാനമായി ദേശീയ ടീമിനായി ഏകദിനത്തിൽ പന്തെറിഞ്ഞത്. പ്രെനെലൻ സുബ്ബരായൻ, റൂബിൻ ഹെർമാൻ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.

ടെംബ ബവുമ നയിക്കുന്ന ടീമിൽ ടി20 ക്യാപ്റ്റൻ എയ്ഡൻ മാർക്രം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും രണ്ടും മൂന്നും ഏകദിനങ്ങളിൽ മാത്രമേ താരം കളിക്കൂ. ക്വിന്റൻ ഡി കോക്ക്, റയാൻ റിക്കൽടൻ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. റബാഡയുടെ അഭാവത്തിൽ ലുംഗി എൻഗിഡി, ക്വേന എംഫക, ഓട്‌നീൽ ബാർട്മാൻ, ജെറാൾഡ് കോറ്റ്‌സി എന്നിവർക്കൊപ്പം ഓൾറൗണ്ടർമാരായ മാർക്കോ യാൻസൻ, കോർബിൻ ബോഷ് എന്നിവരും പേസ് നിരയ്ക്ക് കരുത്തേകും. കേശവ് മഹാരാജും ബ്യോൺ ഫോർച്യൂണുമാണ് സ്പിൻ വിഭാഗം കൈകാര്യം ചെയ്യുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള മികച്ച ടീമിനെ കണ്ടെത്താനുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ പരമ്പരയെന്ന് ഹെഡ് കോച്ച് ഷുക്രി കോൺറാഡ് പറഞ്ഞു.

South Africa Team: ടെംബ ബവുമ (ക്യാപ്റ്റൻ), ഓട്‌നീൽ ബാർട്മാൻ, കോർബിൻ ബോഷ്, മാത്യൂ ബ്രീറ്റ്‌സ്കെ, ജെറാൾഡ് കോറ്റ്‌സി, ക്വിന്റൻ ഡി കോക്ക്, ടോണി ഡി സോർസി, ബ്യോൺ ഫോർച്യൂൺ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, ക്വേന എംഫക, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, റയാൻ റിക്കൽടൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്.