ലോകകപ്പിന് പിന്നാലെ റാങ്കിംഗിലും അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിന്‍
ലോകകപ്പ് ഫൈനലിൽ അര്‍ജന്‍റീനയെ വീഴ്ത്തി കിരീടം നേടിയതിന് പിന്നാലെ ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ അർജന്‍റീനയെ മറികടന്ന് സ്പെയിൻ ഒന്നാം സ്ഥാനത്തെത്തി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്പാനിഷ് പട വീണ്ടും ഫിഫ റാങ്കിംഗിന്‍റെ തലപ്പത്ത് തിരിച്ചെത്തുന്നത്. ഫൈനലിൽ സ്പെയിനോടേറ്റ പരാജയത്തോടെ നിലവിലെ ചാമ്പ്യന്മാരായിരുന്ന അർജന്‍റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
റാങ്കിംഗിൽ ഫ്രാൻസ് മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ലോകകപ്പിൽ പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ബ്രസീൽ അഞ്ചാം റാങ്കിലെത്തി. ലോകകപ്പിലെ മികച്ച പ്രകടനത്തോടെ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ നോർവേ 19-ാം റാങ്കിലേക്ക് കുതിച്ചു. ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തെ തുടർന്ന് 12-ാം സ്ഥാനത്തേക്ക് വീണ മുന്‍ ലോക ചാമ്പ്യൻമാരായ ജർമനി ഫിഫ റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ നിന്ന് പുറത്തായി.
ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയ ജപ്പാനും റാങ്കിംഗില്‍ കുതിപ്പ് നടത്തി. 17-ാം സ്ഥാനത്തുള്ള ജപ്പാൻ തന്നെയാണ് ഏഷ്യൻ രാജ്യങ്ങളിൽ റാങ്കിംഗിൽ ഏറ്റവും മുന്നിൽ. തുടര്‍ച്ചയായി മൂന്നാം ലോകകപ്പിനും യോഗ്യത നേടാനായില്ലെങ്കിലും ഇറ്റലി 15-ാം സ്ഥാനത്ത് തുടരുന്നു. പുതിയ റാങ്കിംഗിൽ ഇന്ത്യ 138-ാം സ്ഥാനത്താണ്. ലോകകപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ കാബോ വെർദേ 64-ാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരു മാറ്റം. ഫിഫ റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനക്കാര്‍. സ്പെയിൻ, അർജന്‍റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ,മൊറോക്കോ, പോർച്ചുഗൽ, ബെൽജിയം, നെതർലൻഡ്സ്സ്, കൊളംബിയ.
