രണ്ടാം ലോക കിരീടം തേടി സ്പെയിൻ ഇന്ന് കളത്തിലിറങ്ങുന്നു
രണ്ടാം ലോക കിരീടം തേടി സ്പെയിൻ ഇന്ന് കളത്തിലിറങ്ങുന്നു. കാബോ വെർദെ (കേപ് വെർദെ) ആണ് എതിരാളികൾ. ഗ്രൂപ്പ് എച്ചിലെ ഈ പോരാട്ടം ഇന്ത്യൻ സമയം രാത്രി 9.30 മുതലാണ്. മത്സരത്തിനിറങ്ങുന്ന സ്പെയിനിന്റെ ആദ്യ ഇലവനിൽ യുവ വിസ്മയവും ബാഴ്സലോണ താരവുമായ ലമീൻ യമാൽ കളിക്കില്ലെന്നു കോച്ച് ലൂയീസ് ഡെലഫ്യുണ്ടെ വ്യക്തമാക്കി. താരം പകരക്കാരന്റെ റോളിലായിരിക്കും. പരിക്കിൽ നിന്നു പൂർണമായി താരം മുക്തനായിട്ടില്ലെന്നാണ് പരിശീലകൻ പറയുന്നത്. യമാലിനൊപ്പം നിക്കോ വില്ല്യംസ്, വിക്ടർ മുനിയോസ് എന്നിവരും ആദ്യ ഇലവനിലുണ്ടാകില്ലെന്നു പരിശീലകൻ പറഞ്ഞു.
യൂറോ 2024 കിരീടനേട്ടത്തിന്റെ കരുത്തിൽ മികച്ച ആക്രമണ നിരയുടെ പിൻബലത്തിലാണ് ടൂർണമെന്റിലെ കിരീട സാധ്യതയുള്ള മുൻനിര ടീമുകളിലൊന്നായി സ്പെയിൻ എത്തുന്നത്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ലാമീൻ യമാൽ, നിക്കോ വില്യംസ്, വിക്ടർ മുനിയോസ് എന്നിവർ കളിക്കാൻ തയാറാണെങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യതയില്ലെന്ന് പരിശീലകൻ വ്യക്തമാക്കിയത്.'യമാൽ മികച്ച രീതിയിൽ ഫിറ്റ്നസ് വീണ്ടെടുക്കുന്നു എന്നത് ഞങ്ങളെ സംബന്ധിച്ച് പോസിറ്റീവാണ്. അദ്ദേഹം കൃത്യമായ റിക്കവറി പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. പരിക്കിന്റെ പ്രശ്നങ്ങളുണ്ടായിരുന്ന മറ്റ് താരങ്ങളെപ്പോലെ തന്നെ യമാലും മികച്ച രീതിയിലാണ് പരിശീലനം നടത്തുന്നത്. അവരെല്ലാവരും ടീമിനൊപ്പമുണ്ടാകുമെങ്കിലും മത്സരത്തിന്റെ തുടക്കം മുതൽ കളിക്കാൻ അവർക്ക് കഴിയില്ല. മത്സരം എങ്ങനെ പുരോഗമിക്കുന്നു എന്ന് നോക്കിയ ശേഷം മാത്രമേ യമാൽ അടക്കമുള്ളവരെ ഇറക്കണമോ എന്നു ഞങ്ങൾ തീരുമാനിക്കു'- കോച്ച് പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഗ്രോയിൻ, ഹാംസ്ട്രിങ് പരിക്കുകൾ അലട്ടിയതിനാൽ യമാൽ ഒരു ഔദ്യോഗിക മത്സരം പോലും കളിച്ചിട്ടില്ല. ബാഴ്സലോണ താരമായ യമാലിന് സ്പെയിനിന്റെ സമീപകാല വാം അപ്പ് മത്സരങ്ങളും നഷ്ടമായിരുന്നു. ഇതോടെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കകൾ നിലനിന്നു.
