ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക പൊരുതുന്നു
ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 503നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 130 എന്ന നിലയിലാണ്. ഇപ്പോഴും 373 റണ്‍സ് പിറകിലാണ് ശ്രീലങ്ക. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനിയും 173 റണ്‍സ് കൂടി വേണം. പസിന്ദു സൂര്യബന്ദാര (65), ധനഞ്ജയ ഡിസില്‍വ (4) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഇന്ത്യ ഒമ്പതിന് 503 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധ്രുവ് ജുറല്‍ (പുറത്താവാതെ 115), ദേവ്ദത്ത് പടിക്കല്‍ (117) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ലാഹിരു ഉഡാര (1), പ്രഭാത് ജയസൂര്യ (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ നഷ്ടമായത്. ഇന്ന് കാമില്‍ മിഷാര (19), കാമിന്ദു മെന്‍ഡിസ് (32) എന്നിവരെ പ്രസിദ്ധ് കൃഷ്ണ തിരിച്ചയച്ചു. രണ്ടാം ദിനം തുടക്കത്തിലെ സാരാന്‍ഷ് ജെയിനിന്റെ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ എളുപ്പം ഓള്‍ ഔട്ടാക്കാമെന്ന ലങ്കന്‍ തന്ത്രങ്ങള്‍ ധ്രൂവ് ജുറെലും റിഷഭ് പന്തും ചേര്‍ന്ന് തല്ലിതകര്‍ക്കുകയായിരുന്നു. ആദ്യ ദിനം പരിക്കുമൂലം റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങിയ റിഷഭ് പന്ത് ജുറെലിനൊപ്പം ക്രീസിലുറച്ചതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി.
