എട്ട് മാസമായി കായിക താരങ്ങൾക്കുള്ള ഭക്ഷണ അലവൻസ് നൽകാതെ സംസ്ഥാന സർക്കാർ; പ്രതിസന്ധിയിലായി ഹോസ്റ്റലുകൾ

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ കേരളത്തിന് അഭിമാനമായ കായികതാരങ്ങൾക്ക് കഴിഞ്ഞ എട്ടുമാസമായി സംസ്ഥാന സർക്കാർ ഭക്ഷണത്തിനുള്ള പണം നൽകുന്നില്ലെന്ന് പരാതി. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിൽ താമസിക്കുന്ന 2000 ത്തോളം കായികതാരങ്ങൾക്കുള്ള ബാറ്റയാണ് നൽകാത്തത്. ഒരു കായികതാരത്തിന് പ്രതിദിനം 250 രൂപയാണ് ഭക്ഷണത്തിനുള്ള ബാറ്റയായി അനുവദിച്ചിട്ടുള്ളത്.
കോളജ് തലത്തില്‍ എയ്ഡഡ് കോളജുകളോട് അനുബന്ധിച്ച് 50ല്‍ കൂടുതല്‍ സ്പോര്‍ട്സ് ഹോസ്റ്റലുകളും സ്കൂള്‍തലത്തില്‍ 50ല്‍ താഴെ ഹോസ്റ്റലുകളുമാണുള്ളത്. ശരാശരി 30 വിദ്യാര്‍ഥികള്‍ പരിശീലനം നടത്തുന്ന ഒരു സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷണ അലവന്‍സ് പ്രതിദിനം 7500 രൂപയാണ് ലഭിക്കേണ്ടത്. ഒരു മാസം ഇത് 2.25 ലക്ഷം രൂപ. ഇത്തരത്തില്‍ എട്ടുമാസമായി മാസത്തെ പണമായി നാലുകോടിയോളം രൂപയാണ് കായികവകുപ്പ് നൽകാനുള്ളതെന്നാണ് വിവരം.
പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള വിദ്യാര്‍ഥികളാണ് സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ കഴിയുന്നവരിൽ അധികവും. പല കായികാധ്യാപകരും കടം വാങ്ങിയും കാന്റീനില്‍ കടം പറഞ്ഞുമാണ് ഇതുവരെ ഭക്ഷണം കഴിച്ചത്. പണം ലഭിക്കാതെയായതോടെ കടക്കാരെ ഭയന്ന് പല കുട്ടികളെയും വീട്ടുകളിലേക്ക് അയച്ച് ഹോസ്റ്റലുകൾ അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്.താരങ്ങൾക്ക് വർഷംതോറും നൽകാറുള്ള സ്പോർട്സ് കിറ്റും കഴിഞ്ഞ മൂന്നുവർഷമായി നൽകുന്നില്ല. ആകെ നൽകിയത് ഒരു ജഴ്സിയും ട്രാക്ക് സ്യൂട്ടും മാത്രമാണ്.
അതേസമയം താരങ്ങൾക്ക് നൽകാനുള്ള തുക ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും അടുത്ത മാസം 20ന് മുമ്പായി വിതരണം ചെയ്യുമെന്നും കായികമന്ത്രിയുടെ ഓഫിസ് അറിയിച്ചു.