ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് സ്റ്റീഫന്‍ ഫ്‌ലെമിങ് ഒഴിഞ്ഞു. ഫ്‌ലെമിങ്ങിന്റെ പരിശീലനത്തിന് കീഴില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാംപ്യന്‍സ് ലീഗ് ടി20 കിരീടങ്ങളും ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. 18 വര്‍ഷം നീണ്ടുനിന്ന അഭേദ്യമായ ബന്ധത്തിന് ശേഷമാണ് ഫ്‌ലെമിങ് ചെന്നൈ ടീമിനോട് വിടപറയുന്നത്.
ധാരണ പ്രകാരമാണ് ഫ്‌ലെമിങ്ങും ചെന്നൈ ഫ്രാഞ്ചൈസിയും വേര്‍പിരിയുന്നതെന്ന് സിഎസ്‌കെ മാനേജ്മെന്റ് അറിയിച്ചു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരവും മാതൃകാപരവുമായ ഒരു കൂട്ടുകെട്ടാണ് ഇതിലൂടെ അവസാനിക്കുന്നത്. ആദരവോടും കൃതജ്ഞതയോടും കൂടിയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ കിരീടം നേടാന്‍ കഴിയാതെ പോയതോടെയാണ് ഫ്‌ലെമിങ്ങിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. 2025 ലെ ഐപിഎല്ലില്‍ അവസാന സ്ഥാനത്തായിരുന്ന സിഎസ്‌കെ, 2026 സീസണില്‍ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഫ്‌ലെമിങ് പരിശീലിപ്പിച്ച ടെക്‌സസ് സൂപ്പര്‍ കിങ്‌സ് അവസാന സ്ഥാനത്തായതിന് തൊട്ടുപിന്നാലെയാണ് സിഎസ്‌കെയിലെ ഈ അഴിച്ചുപണി. എന്നാല്‍ ജാബര്‍ഗ് സൂപ്പര്‍ കിങ്‌സ്, ടെക്‌സസ് സൂപ്പര്‍ കിങ്‌സ് എന്നീ ഫ്രാഞ്ചൈസികളുടെ പരിശീലക സ്ഥാനത്ത് അദ്ദേഹം തുടരുമോ എന്ന കാര്യം സിഎസ്‌കെ വ്യക്തമാക്കിയിട്ടില്ല.
