തായ്‌ക്കോണ്ടോ മത്സരത്തിനിടെ വിദ്യാർഥിക്ക് ഗുരുതര പരിക്ക്
തായ്‌ക്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തൃശൂർ സ്വദേശിയായ പ്ലസ്ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്.പെരുമ്പിലാവ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ഫൈസ് അബ്ദുൽ ജലാലിനാണ് പരിക്കേറ്റത്. മഹാരാഷ്ട്രയിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ തായ്‌ക്കോണ്ടോ മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് ഫൈസ് നിലത്ത് വീഴുകയായിരുന്നു. പിന്നാലെ ബോധരഹിതനായ വിദ്യാർഥിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ ആരോഗ്യനില വഷളായതോടെ എയർലിഫ്റ്റ് ചെയ്ത് എറണാകുളത്തെത്തിച്ചു. നിലവിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തലയ്ക്ക് രക്തം കട്ടപിടിച്ചതായാണ് വിവരം.
അതേസമയം, മത്സരത്തിനിടെ എതിർ താരം ഫൗൾ പ്ലേ കളിച്ചുവെന്നും റഫറി സമയത്ത് ഇടപെട്ടില്ലെന്നും കുടുംബം ആരോപിച്ചു.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കുടുംബം സി.ബി.എസ്.ഇ ചെയർമാന് പരാതി നൽകി.
