സ്വപ്നിൽ അസ്‌നോദ്കർ കേരള ക്രിക്കറ്റ് ടീം പരിശീലകൻ; ദേവിക പൽശിക്കർ വനിതാ ടീമിൽ തുടരും
കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പുതിയ സീസണിലേക്കുള്ള പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളുടെ പരിശീലകരെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് താരവും രാജസ്ഥാൻ റോയൽസ് ഓപ്പണറുമായിരുന്ന സ്വപ്നിൽ അസ്‌നോദ്കറിനെ സീനിയർ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. മുൻപ് കേരള അണ്ടർ-23 ടീമിന്റെ പരിശീലകനായി പ്രവർത്തിച്ച പരിചയസമ്പത്തുള്ള താരം കൂടിയാണ് അസ്‌നോദ്കർ. അതേസമയം, സീനിയർ വനിതാ ടീം പരിശീലകയായി നിലവിലെ കോച്ച് ദേവിക പൽശിക്കർ തന്നെ തുടരും.
വനിതാ അണ്ടർ-19 ടീം പരിശീലകയായും കെ.സി.എ വനിതാ അക്കാദമി മെന്ററായും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കരുണ ജെയിനിനെ നിയോഗിച്ചു. ഇതാദ്യമായാണ് കരുണ ജെയിൻ കേരള ടീമിന്റെ ചുമതലയിലേക്ക് എത്തുന്നത്.
2026-27 സീസണിലേക്കുള്ള സെലക്ഷൻ കമ്മിറ്റികളെയും കെ.സി.എ പ്രഖ്യാപിച്ചു. സീനിയർ പുരുഷ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ കേരള താരം രോഹൻ പ്രേമിനെ നിയമിച്ചു. വി.എ. ജഗദീഷ്, അന്താഫ് പി.യു എന്നിവരാണ് മറ്റ് അംഗങ്ങൾ. ജൂനിയർ പുരുഷ ടീമിന്റെ സെലക്ഷൻ ചുമതല കെ. ചന്ദ്രശേഖരൻ അധ്യക്ഷനായ സമിതിക്ക് നൽകി. ഇ. റെൻസി അധ്യക്ഷയായ വനിതാ സെലക്ഷൻ കമ്മിറ്റി മാറ്റമില്ലാതെ തുടരും.
