ടി20 ലോകകപ്പ്: ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ്; വഴങ്ങില്ലെന്ന് ബിസിസിഐ

  1. Home
  2. Sports

ടി20 ലോകകപ്പ്: ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ്; വഴങ്ങില്ലെന്ന് ബിസിസിഐ

bangladesh


ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) നിലപാടിന് ശക്തമായ മറുപടിയുമായി ബിസിസിഐ. ഓരോ ടീമുകളുടെയും താൽപര്യത്തിനനുസരിച്ച് ലോകകപ്പ് വേദികളോ മത്സരക്രമമോ മാറ്റാൻ സാധിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) താരം മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളാകാൻ കാരണമായത്.

താരലേലത്തിൽ 9.20 കോടി രൂപയ്ക്ക് മുസ്തഫിസുറിനെ കെകെആർ സ്വന്തമാക്കിയിരുന്നെങ്കിലും താരത്തെ ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയിലെ മത്സരങ്ങളിൽ നിന്ന് പിന്മാറുമെന്ന് ബംഗ്ലാദേശ് അറിയിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ലോകകപ്പ് പോലെ വലിയൊരു ടൂർണമെന്റിൽ അവസാന നിമിഷം മാറ്റങ്ങൾ വരുത്തുന്നത് പ്രായോഗികമല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. വിമാന ടിക്കറ്റുകളും ഹോട്ടലുകളും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ നേരത്തെ പൂർത്തിയായതാണെന്നും ബിസിസിഐ ചൂണ്ടിക്കാട്ടി.

കൊൽക്കത്തയിലും മുംബൈയിലുമായി നിശ്ചയിച്ചിട്ടുള്ള മത്സരങ്ങളിലാണ് ബംഗ്ലാദേശ് പങ്കെടുക്കേണ്ടത്. മുസ്തഫിസുറിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം തടയാനും ബിസിബി നീക്കം നടത്തുന്നുണ്ട്. ബംഗ്ലാദേശ് തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, പാകിസ്ഥാന്റെ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് പോലെ ബംഗ്ലാദേശിന്റെ മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസി നിർബന്ധിതരായേക്കും. ഇക്കാര്യത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അന്തിമ തീരുമാനം നിർണ്ണായകമാകും.