ടി20 ലോകകപ്പ്: ദസുൻ ഷനക ശ്രീലങ്കൻ ക്യാപ്റ്റനായി തിരിച്ചെത്തുന്നു; 25 അംഗ പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചു

  1. Home
  2. Sports

ടി20 ലോകകപ്പ്: ദസുൻ ഷനക ശ്രീലങ്കൻ ക്യാപ്റ്റനായി തിരിച്ചെത്തുന്നു; 25 അംഗ പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചു

dasun shanaka


വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ ദസുൻ ഷനക നയിക്കും. നിലവിലെ നായകൻ ചരിത് അസലങ്കയെ മാറ്റിയാണ് പരിചയസമ്പന്നനായ ഷനകയെ സെലക്ഷൻ കമ്മിറ്റി വീണ്ടും ചുമതലയേൽപ്പിച്ചത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

ക്യാപ്റ്റൻ സ്ഥാനം അസലങ്കയുടെ ബാറ്റിംഗ് ഫോമിനെ ബാധിച്ചുവെന്ന വിലയിരുത്തലിലാണ് ഈ മാറ്റം. ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാൻ, ഇംഗ്ലണ്ട് ടീമുകൾക്കെതിരെയുള്ള പരമ്പരകളിൽ അസലങ്കയ്ക്ക് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നായകസ്ഥാനത്തിന്റെ ഭാരം ഒഴിവാക്കുന്നത് തുണയാകുമെന്ന് സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കി. അസലങ്കയെ സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് മൂന്ന് ടി20 ലോകകപ്പുകളിൽ ലങ്കയെ നയിച്ച പരിചയം ഷനകയ്ക്കുണ്ട്.

ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഓസ്‌ട്രേലിയ, അയർലൻഡ്, സിംബാബ്‌വെ, ഒമാൻ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ശ്രീലങ്ക മത്സരിക്കുന്നത്. ഫെബ്രുവരി എട്ടിന് അയർലൻഡുമായാണ് ശ്രീലങ്കയുടെ ആദ്യ പോരാട്ടം. മാർച്ച് എട്ടിനാണ് ഫൈനൽ.

ശ്രീലങ്കൻ പ്രാഥമിക സംഘം: ദസുൻ ഷനക (ക്യാപ്റ്റൻ), പതും നിസ്സങ്ക, കുശാൽ മെൻഡിസ്, കാമിൽ മിഷാര, കുശാൽ പെരേര, ധനഞ്ജയ ഡിസിൽവ, നിരോഷൻ ഡിക്ക്‌വെല്ല, ജനിത് ലിയാംഗെ, ചരിത് അസലങ്ക, കാമിന്ദു മെൻഡിസ്, പവൻ രത്‌നനായകെ, സഹൻ ആർച്ചിഗെ, വാനിന്ദു ഹസരങ്ക, ദുനിത് വെള്ളാലഗെ, മിലാൻ രത്‌നനായകെ, നുവാൻ തുഷാര, ഇഷാൻ മലിംഗ, ദുഷ്മന്ത ചമീര, പ്രമോദ് മദുഷൻ, മതീഷ പതിരന, ദിൽഷൻ മദുഷങ്ക, മഹീഷ് തീക്ഷണ, ദസുൻ ഹേമന്ത, വിജയകാന്ത് വ്യാസ്കന്ത്, ട്രവീൻ മാത്യു.