67 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; കർണാടകയെ മറികടന്ന് ജമ്മു കശ്മീരിന് കന്നി രഞ്ജി ട്രോഫി കിരീടം

  1. Home
  2. Sports

67 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; കർണാടകയെ മറികടന്ന് ജമ്മു കശ്മീരിന് കന്നി രഞ്ജി ട്രോഫി കിരീടം

renji trophy


രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കശ്മീർ കിരീടം സ്വന്തമാക്കി. കർണാടകയുമായുള്ള ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തിലാണ് ജമ്മു കശ്മീർ ചാമ്പ്യന്മാരായത്. 67 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് എട്ടുതവണ ജേതാക്കളായ കർണാടകയെ മറികടന്ന് ജമ്മു കശ്മീർ ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ ജമ്മു കശ്മീർ 584 റൺസെടുത്തപ്പോൾ കർണാടക 293 റൺസിന് പുറത്തായി. അഞ്ചാം ദിനം രണ്ടാം ഇന്നിംഗ്‌സിൽ ജമ്മു കശ്മീർ നാല് വിക്കറ്റ് നഷ്ടത്തിൽ 342 റൺസെടുത്തു നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. ഖമ്രാൻ ഇക്ബാൽ 160 റൺസുമായും സഹിൽ ലോത്ര 101 റൺസുമായും പുറത്താകാതെ നിന്ന് ജമ്മു കശ്മീരിന്റെ വിജയം ഉറപ്പാക്കി. സ്കോർ: ജമ്മു കശ്മീർ 584, 342-4. കർണാടക 293.

മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് എന്നിവർ കശ്മീർ ക്രിക്കറ്റ് ചരിത്രത്തിലെ ഈ നേട്ടത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. വിജയികളായ ജമ്മു കശ്മീരിന് അഞ്ച് കോടി രൂപയും റണ്ണേഴ്സ് അപ്പായ കർണാടകയ്ക്ക് മൂന്ന് കോടി രൂപയും സമ്മാനത്തുക ലഭിക്കും. ഇതൊരു പുതിയ തുടക്കമാണെന്നും കശ്മീരിലെ യുവതാരങ്ങൾക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നൽകുമെന്നും മിഥുൻ മൻഹാസ് പറഞ്ഞു.