ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോച്ചിന് 16 വർഷം കഠിനതടവ്

  1. Home
  2. Sports

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോച്ചിന് 16 വർഷം കഠിനതടവ്

cricket coach manu


ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പരിശീലകന് 16 വർഷം കഠിനതടവും 24,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു(40)വിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ടര വർഷം കൂടി തടവ് അനുഭവിക്കണം. കൂടാതെ ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സ്ഥാപനത്തിൽ പരിശീലനത്തിനായി എത്തിയത്. കുട്ടിയെ ജിമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. നഗ്നഫോട്ടോകൾ അയച്ചുനൽകാൻ പ്രതി പലതവണ നിർബന്ധിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. ഇതിലുള്ള വൈരാഗ്യം കാരണം പ്രതി കുട്ടിക്ക് കൃത്യമായി പരിശീലനം നൽകാതെയായി. ഇതോടെ 2021-ൽ പെൺകുട്ടി മറ്റൊരു സ്ഥാപനത്തിലേക്ക് മാറി. പീഡനവിവരം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് കരിയർ തകർക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതിനാൽ പെൺകുട്ടി സംഭവം രഹസ്യമാക്കി വെക്കുകയായിരുന്നു.

ഈ പെൺകുട്ടിക്ക് പുറമെ പരിശീലനത്തിനെത്തിയ മറ്റ് അഞ്ച് കുട്ടികളും പ്രതിയുടെ പീഡനത്തിനിരയായിരുന്നു. എന്നാൽ ഭയം കാരണം ആരും വിവരം പുറത്തുപറഞ്ഞില്ല. ഒടുവിൽ 2024-ൽ തിരുവനന്തപുരത്ത് നടന്ന ഒരു പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ വെച്ച് പ്രതിയെ വീണ്ടും കണ്ടതോടെ പീഡനത്തിനിരയായ കുട്ടികളിലൊരാൾ ഭയന്ന് ബഹളം വെക്കുകയായിരുന്നു. ഇതോടെയാണ് വർഷങ്ങളായി മൂടിവെക്കപ്പെട്ട ക്രൂരത പുറത്തറിഞ്ഞത്. തുടർന്ന് കുട്ടികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതി മനുവിനെതിരെ ആകെ ആറ് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ നാല് കേസുകളുടെ വിചാരണ ഇതിനോടകം പൂർത്തിയായി. കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയമോഹൻ ഉൾപ്പെടെയുള്ളവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. വിചാരണ വേളയിൽ 14 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.