വേദി മാറ്റില്ല; മത്സരങ്ങൾ ഇന്ത്യയിൽ തന്നെ കളിക്കണമെന്ന് ബംഗ്ലാദേശിനോട് ഐസിസി
ട്വന്റി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (BCB) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) തള്ളി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ വേദികളിൽ നിന്ന് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. എന്നാൽ, ഇന്ത്യയിൽ നിശ്ചയിച്ച വേദികളിൽ തന്നെ കളിക്കണമെന്നും അല്ലാത്തപക്ഷം പോയിന്റുകൾ നഷ്ടപ്പെടുമെന്നും ഐസിസി വിർച്വൽ യോഗത്തിലൂടെ ബംഗ്ലാദേശിനെ കർശനമായി അറിയിച്ചു.
ലോകകപ്പിൽ ഫെബ്രുവരി ഏഴിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. തുടർന്ന് ഇറ്റലി, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് എന്നിവരെയും കൊൽക്കത്തയിൽ വെച്ച് നേരിടാനുണ്ട്. ഇതിനുശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നേപ്പാളുമായും മത്സരമുണ്ട്. ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റാനായിരുന്നു ബിസിബി ഞായറാഴ്ച കത്തു നൽകിയത്. ഐസിസിയുടെ പുതിയ തീരുമാനത്തോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതിനെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ രംഗത്തെത്തിയതും ഇതിന് കാരണമായി. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കെയാണ് സുരക്ഷാ ആശങ്കകൾ മുൻനിർത്തി ബംഗ്ലാദേശ് വേദി മാറ്റത്തിന് ശ്രമിച്ചത്. എന്നാൽ ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകളുടെ വേദികളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഐസിസി.
