ഹോക്കി ലോകകപ്പിൽ ത്രില്ലർ പോരാട്ടം; രണ്ടാം റാങ്കുകാരായ ചൈനയെ സമനിലയിൽ തളച്ച് ഇന്ത്യൻ വനിതകൾ
വനിതാ ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ ചൈനയെ സമനിലയിൽ തളച്ച് ഇന്ത്യൻ വനിതകൾ. ആവേശം നിറഞ്ഞ പോരാട്ടത്തിൽ രണ്ടാം റാങ്കുകാരായ ചൈനയോട് 2-2 എന്ന സ്കോറിനാണ് ഇന്ത്യ സമനില വഴങ്ങിയത്. ഇന്ത്യക്കായി പരിചയസമ്പന്നയായ നവ്‌നീത് കൗറും പെനാൽറ്റി കോർണർ വിദഗ്ദ്ധ ദീപികയും ഗോളുകൾ നേടിയപ്പോൾ സാങ് യിങ്, മാ നിങ് എന്നിവരാണ് ചൈനയുടെ ഗോളുകൾ കണ്ടെത്തിയത്.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ നേഹയുടെ പാസിൽ നിന്ന് അതിവിദഗ്ദ്ധമായ ഫ്ലിക്കിലൂടെ നവ്‌നീത് കൗറാണ് ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ 14-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സാങ് യിങ് ചൈനയെ ഒപ്പമെത്തിച്ചു (1-1). രണ്ടാം ക്വാർട്ടറിൽ ദീപിക പെനാൽറ്റി കോർണറിലൂടെ ഗോൾ നേടി ഇന്ത്യക്ക് വീണ്ടും ലീഡ് സമ്മാനിച്ചെങ്കിലും 39-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ മാ നിങ് ചൈനയ്ക്കായി സമനില ഗോൾ കണ്ടെത്തി.
പാരീസ് ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ ശക്തരായ ചൈനയ്‌ക്കെതിരെ നേടിയ ഈ സമനിലയോടെ പൂൾ ഡിയിൽ ഇന്ത്യക്ക് നിർണായകമായ ഒരു പോയിന്റ് ലഭിച്ചു. പൂൾ ഡിയിൽ ഇനി ചൊവ്വാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഇംഗ്ലണ്ടാണ് പൂളിലെ മറ്റൊരു ടീം.
