തൃശ്ശൂർ ടൈറ്റൻസ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ; ട്രിവാൻഡ്രം റോയൽസിനെ തോൽപ്പിച്ചത് ഒരു വിക്കറ്റിന്
കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെ അത്യന്തം ആവേശകരമായ മത്സരത്തിൽ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ് ഫൈനലിൽ കടന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ ട്രിവാൻഡ്രം ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിലാണ് തൃശ്ശൂർ മറികടന്നത്. അവസാന ഓവറിൽ മൂന്ന് പന്തിൽ നിന്ന് രണ്ട് സിക്സറും ഒരു ഫോറുമടക്കം 16 റൺസ് അടിച്ചുകൂട്ടിയ ആനന്ദ് ജോസഫിന്റെ മിന്നൽ ബാറ്റിങ്ങാണ് തൃശ്ശൂരിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശ്ശൂരിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായെങ്കിലും അഹമ്മദ് ഇമ്രാൻ (43), ഷോൺ റോജർ (23), നിഖിൽ തോട്ടത്ത് (24) എന്നിവരുടെ പ്രകടനം ടീമിന് അടിത്തറയേകി. പിന്നീട് അഖിൽ (13 പന്തിൽ 27) വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തുവെങ്കിലും വിക്കറ്റുകൾ തുടർച്ചയായി വീണത് തിരിച്ചടിയായി. എന്നാൽ അവസാന വിക്കറ്റിൽ ആനന്ദ് ജോസഫ് നടത്തിയ ഒറ്റയാൾ പോരാട്ടം തൃശ്ശൂരിനെ ഫൈനലിലെത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ട്രിവാൻഡ്രം റോയൽസ് 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് നേടിയത്. തകർച്ച നേരിട്ട ടീമിനെ ആറാം വിക്കറ്റിൽ ഒന്നിച്ച അക്ഷയ് മനോഹറും (26 പന്തിൽ 53*) നിഖിൽ എമ്മും (15 പന്തിൽ 28*) ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് അവസാന രണ്ട് ഓവറിൽ മാത്രം 36 റൺസ് കൂട്ടിച്ചേർത്തു. തൃശ്ശൂരിനായി പന്തെറിഞ്ഞ ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
