ലോകകപ്പിലെ യാത്രാ നിയന്ത്രണം; ഫിഫയ്ക്ക് പരാതി നൽകാൻ ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

  1. Home
  2. Sports

ലോകകപ്പിലെ യാത്രാ നിയന്ത്രണം; ഫിഫയ്ക്ക് പരാതി നൽകാൻ ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

iranian football association


അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ തങ്ങളുടെ ടീമിന് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾക്കെതിരെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന് (ഫിഫ) ഔദ്യോഗികമായി പരാതി നൽകാൻ ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ ഒരുങ്ങുന്നു. ഞായറാഴ്ച ബെൽജിയത്തിനെതിരെ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിനായി മെക്സിക്കോയിലെ ബേസ് ക്യാമ്പിൽ നിന്ന് രണ്ട് ദിവസം മുൻപ് ലോസ് ആഞ്ചലസിലേക്ക് യാത്ര ചെയ്യാൻ ഇറാൻ അനുമതി തേടിയിരുന്നുവെങ്കിലും സംഘാടകർ ഇത് നിഷേധിക്കുകയായിരുന്നു. ഇത്തരം നടപടികൾ ടീമിന്റെ സാങ്കേതിക തയാറെടുപ്പുകളെ സാരമായി ബാധിക്കുന്നുവെന്ന് ഫെഡറേഷൻ വക്താവ് ആരോപിച്ചു.

ലോസ് ആഞ്ചലസിൽ ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം നടക്കുന്നത്. കടുത്ത ചൂടുള്ള കാലാവസ്ഥയുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടാനും അവസാന പരിശീലനം പൂർത്തിയാക്കാനുമായിരുന്നു ഇറാൻ രണ്ട് ദിവസം മുൻപ് യാത്ര തിരിക്കാൻ അനുമതി ചോദിച്ചത്. എന്നാൽ കൃത്യമായ സാങ്കേതിക കാരണങ്ങൾ ബോധിപ്പിച്ചിട്ടും സംഘാടകർ ആവശ്യം നിരസിക്കുകയായിരുന്നു.

നേരത്തെ, ന്യൂസിലാൻഡിനെതിരായ ഉദ്ഘാടന മത്സരത്തിനായി എത്തിയപ്പോൾ യു.എസ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെ ഇറാനിയൻ ക്യാപ്റ്റനും കോച്ചും പരസ്യമായി രംഗത്തെത്തിയിരുന്നു. മത്സരം കഴിഞ്ഞയുടൻ വിശ്രമിക്കാൻ പോലും സമയം നൽകാതെ രാജ്യം വിടാൻ ഉത്തരവിട്ടത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇത്തരം യാത്രാ പ്രതിസന്ധികൾ കളിക്കാരുടെ പ്രകടനത്തെ ബാധിച്ചുവെന്നും, ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ട ടീം തങ്ങളാണെന്നും ഇറാൻ കോച്ച് ഫിഫ പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്.

വിസ നിഷേധിച്ചതിനെ തുടർന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ, സപ്പോർട്ട് സ്റ്റാഫ്, മാധ്യമപ്രവർത്തകർ എന്നിവരടങ്ങുന്ന വലിയൊരു സംഘത്തിന് ഇതുവരെ യു.എസിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. മാനേജ്‌മെന്റ് ടീമിന്റെ അഭാവം മൂലം കോച്ചിങ് സ്റ്റാഫിന് അധിക ചുമതലകൾ നിർവഹിക്കേണ്ടി വരുന്നതായും കോച്ച് ആശങ്ക പ്രകടിപ്പിച്ചു.