"തിരുമ്പി വന്തിട്ടേന്ന് സൊല്ല്!" ചെപ്പോക്കിൽ സഞ്ജു താണ്ഡവം; ഡൽഹിക്ക് എതിരെ വെടിക്കെട്ട് സെഞ്ചുറി
ആരാധകർ കാത്തിരുന്ന ആ നിമിഷം എത്തിക്കഴിഞ്ഞു; ഐപിഎല്ലിൽ തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തി മലയാളി താരം സഞ്ജു സാംസൺ. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത സഞ്ജു 52 പന്തിൽ സെഞ്ചുറി തികച്ചു. ഈ ഐപിഎൽ സീസണിൽ ഒരു താരം നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. വെറും 26 പന്തിൽ നിന്നാണ് സഞ്ജു തന്റെ അർധ സെഞ്ചുറി പിന്നിട്ടത്.
സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട സഞ്ജുവിന്റെ ഉഗ്രൻ തിരിച്ചുവരവാണ് നാലാം മത്സരത്തിൽ കണ്ടത്. ആദ്യ മത്സരങ്ങളിൽ യഥാക്രമം 6, 7, 9 എന്നിങ്ങനെ കുറഞ്ഞ സ്കോറുകൾക്ക് പുറത്തായ സഞ്ജുവിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പക്വതയാർന്ന ബാറ്റിംഗിലൂടെ വിമർശകരുടെ വായടപ്പിക്കാൻ സഞ്ജുവിനായി. ഒരുവശത്ത് കൂറ്റനടികൾക്ക് ശ്രമിക്കാതെ കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തിയാണ് താരം ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. ആദ്യ ഓവറിൽ തന്നെ ബൗണ്ടറിയോടെ തുടങ്ങിയ സഞ്ജു പവർപ്ലേയിൽ ടീമിന്റെ അമരക്കാരനായി. ഒമ്പതാം ഓവറിൽ താരം അമ്പത് കടന്നു.
സഞ്ജുവിന് മികച്ച പിന്തുണ നൽകിയ ആയുഷ് മാത്ര അർധ സെഞ്ചുറി നേടി. ഗെയ്ക്വാദ് 15 റൺസും കൂട്ടിച്ചേർത്തു. പവർപ്ലേയിൽ സഞ്ജു നടത്തിയ കടന്നാക്രമണം ഡൽഹി ബൗളർമാരെ സമ്മർദ്ദത്തിലാക്കി. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം സഞ്ജു നടത്തിയ ഈ മാസ്സ് തിരിച്ചുവരവ് ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
