അണ്ടർ 23 വനിതാ ട്വന്റി 20: ഝാർഖണ്ഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം

  1. Home
  2. Sports

അണ്ടർ 23 വനിതാ ട്വന്റി 20: ഝാർഖണ്ഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം

kerala


അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ വിജയക്കുതിപ്പ് തുടരുന്നു. ഝാർഖണ്ഡിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഝാർഖണ്ഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 17 പന്തുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഝാർഖണ്ഡിന് തുടക്കം പിഴച്ചു. സൂര്യ സുകുമാർ മൂന്ന് മുൻനിര ബാറ്റർമാരെ പുറത്താക്കി കേരളത്തിന് മത്സരത്തിൽ മേൽക്കൈ നൽകി. ഝാർഖണ്ഡ് നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. എട്ടാമതായി ഇറങ്ങി പുറത്താകാതെ 28 റൺസ് നേടിയ വൃഷ്ടി കുമാരിയുടെ പ്രകടനമാണ് ഝാർഖണ്ഡിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. കേരളത്തിനുവേണ്ടി സൂര്യ സുകുമാർ മൂന്നും ശീതൾ വി.ജെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ കേരളത്തിനും മികച്ച തുടക്കം ലഭിച്ചില്ല. ഓപ്പണർമാരായ ദിയ ഗിരീഷും ശ്രദ്ധ സുമേഷും ആറ് റൺസ് വീതം നേടി പുറത്തായി. എന്നാൽ, ഒരു ഭാഗത്ത് ഉറച്ചുനിന്ന് കളിച്ച ക്യാപ്റ്റൻ നജ്ലയുടെ (24 റൺസ്) ഇന്നിങ്‌സും, കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനം ആവർത്തിച്ച ഇസബെല്ലിന്റെ (പുറത്താകാതെ 19 റൺസ്) നിർണായക ബാറ്റിങ്ങും കേരളത്തിന് വിജയം ഉറപ്പിച്ചു. 17.1 ഓവറിൽ കേരളം ലക്ഷ്യത്തിലെത്തി. ഝാർഖണ്ഡിനു വേണ്ടി ആനന്ദിത കിഷോർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.