ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു

  1. Home
  2. Sports

ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു

fifa


2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. ടൂർണമെന്റ് തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, സംപ്രേഷണാവകാശം ഏറ്റെടുക്കാൻ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് പൊതുപ്രക്ഷേപകരായ പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. സംപ്രേഷണത്തിന് ഫിഫ ആവശ്യപ്പെടുന്ന ഉയർന്ന തുകയും അമേരിക്കയിലെ മത്സരസമയക്രമവും കാരണം പ്രമുഖ ചാനലുകൾ പിൻവാങ്ങിയതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

ലോകകപ്പിലെ പ്രധാന മത്സരങ്ങൾ ദൂരദർശനിലൂടെയും ഡിഡി സ്‌പോർട്‌സിലൂടെയും സൗജന്യമായി കാണിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പ്രസാർ ഭാരതി ഈ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, ഹർജിക്കാരനായ അഡ്വക്കേറ്റ് അവധേഷ് ബൈർവ പിന്നീട് ഈ ഹർജി പിൻവലിക്കുകയും മറ്റൊരു കോടതിയെ സമീപിക്കാൻ അനുമതി തേടുകയും ചെയ്തു.

2026, 2030 ലോകകപ്പുകളുടെ സംപ്രേഷണത്തിനായി ഫിഫ ആദ്യം ഏകദേശം 100 ദശലക്ഷം ഡോളറാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് ഇത് 35 ദശലക്ഷം ഡോളറാക്കി കുറച്ചു. ജിയോ സ്റ്റാർ സമർപ്പിച്ച 20 ദശലക്ഷം ഡോളറിന്റെ ലേലത്തുക ഫിഫ നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്.

മത്സരങ്ങൾ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നടക്കുന്നതിനാൽ ഇന്ത്യയിൽ അവ അർധരാത്രിയിലോ അതിരാവിലെയോ ആയിരിക്കും സംപ്രേഷണം ചെയ്യുക. ഇത്രയും വലിയ തുക മുടക്കി അവകാശം വാങ്ങിയാൽ ലാഭകരമാകുമോ എന്ന ആശങ്ക സംപ്രേഷകർക്കുണ്ട്.

എങ്കിലും ഇന്ത്യയിലെ വലിയ ഫുട്‌ബോൾ വിപണിയെ പൂർണമായും അവഗണിക്കാൻ ഫിഫയ്‌ക്കോ സംപ്രേഷകർക്കോ കഴിയില്ല. അതിനാൽ തന്നെ ടൂർണമെന്റിന് മുമ്പ് ഒരു ധാരണയിലെത്താൻ സാധ്യതയുണ്ടെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫുട്‌ബോളിന് വലിയ സ്വീകാര്യതയുള്ള രാജ്യത്ത് മത്സരങ്ങൾ തത്സമയം കാണാൻ അവസരമില്ലാത്തത് കായികപ്രേമികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.