അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി; ഇന്ത്യൻ ആരാധകർക്ക് മെസിയുടെ സന്ദേശം, വിഡിയോ

  1. Home
  2. Sports

അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി; ഇന്ത്യൻ ആരാധകർക്ക് മെസിയുടെ സന്ദേശം, വിഡിയോ

messi


മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ ഇന്ത്യൻ ആരാധകർക്ക് ഹൃദയസ്പർശിയായ നന്ദി അറിയിച്ച് അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഇന്ത്യക്കാർ നൽകിയ സ്നേഹത്തിനും ആതിഥേയത്വത്തിനും നന്ദി പറയുന്നതായി താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ത്യൻ ഫുട്ബോളിന് ശോഭനമായ ഒരു ഭാവിയുണ്ടാകുമെന്ന പ്രതീക്ഷയും മെസി പങ്കുവെച്ചു. ഇന്ത്യ സന്ദർശനത്തിലെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയുള്ള ഒരു വീഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

'നമസ്തേ ഇന്ത്യ! ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ സന്ദർശനങ്ങൾ അവിസ്മരണീയമായിരുന്നു. നിങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിനും മികച്ച ആതിഥേയത്വത്തിനും ടൂറിലുടനീളം നൽകിയ സ്നേഹത്തിനും നന്ദി' - മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'ഗോട്ട് ടൂർ ഇന്ത്യ'യുടെ മുഖ്യ സംഘാടകനായ സതാദ്രു ദത്തയുടെ പേരും താരം പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ലഭിച്ച സ്നേഹവും സഹകരണവും അതിമനോഹരമായിരുന്നു എന്ന് മെസി കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. ഇന്ത്യക്കാർക്ക് തന്നെ ഇത്രയേറെ ഇഷ്ടമാണെന്ന് അറിയാമായിരുന്നുവെങ്കിലും അത് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമാണെന്ന് സ്പാനിഷ് ഭാഷയിൽ മെസി പറഞ്ഞു. ഇനിയും ഇന്ത്യയിലെത്തുമെന്നും താരം ഉറപ്പുനൽകി. ഇൻ്റർ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസിക്കൊപ്പം ഇന്ത്യയിലെത്തിയിരുന്നു.