ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ്; ആദ്യ മത്സരത്തിൽ നേപ്പാളിനെ തകർത്ത് കേരളത്തിന് വിജയത്തുടക്കം

  1. Home
  2. Sports

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ്; ആദ്യ മത്സരത്തിൽ നേപ്പാളിനെ തകർത്ത് കേരളത്തിന് വിജയത്തുടക്കം

kerala


ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് തകർപ്പൻ വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ശക്തരായ നേപ്പാളിനെ 15 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 331 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാൾ 22.3 ഓവറിൽ 3 വിക്കറ്റിന് 134 റൺസെടുത്ത് നിൽക്കെ കനത്ത മഴ മൂലം കളി തടസ്സപ്പെടുകയായിരുന്നു. തുടർന്ന് വി.ജെ.ഡി. (VJD Method) നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിച്ചു. കേരളത്തിന് വേണ്ടി ഉജ്ജ്വല സെഞ്ച്വറി നേടിയ അഹമ്മദ് ഇമ്രാനാണ് മാച്ച് ഓഫ് ദി പ്ലെയർ.

സ്‌കോർ ചുരുക്കത്തിൽ: * കേരളം: 50 ഓവറിൽ 331/7

  • നേപ്പാൾ: 22.3 ഓവറിൽ 134/3 (മഴ മൂലം കളി തടസ്സപ്പെട്ടു)

അഹമ്മദ് ഇമ്രാന് സെഞ്ച്വറി, കേരളത്തിന് കൂറ്റൻ സ്‌കോർ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ കൃഷ്ണപ്രസാദിനെ കേരളത്തിന് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച രോഹൻ കുന്നുമ്മലും അഭിഷേക് പി. നായരും ചേർന്ന് 95 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ ശക്തമായ നിലയിലെത്തിച്ചു. രോഹൻ 44 റൺസും അഭിഷേക് 56 റൺസുമെടുത്ത് പുറത്തായി.

തുടർന്ന് ക്രീസിലെത്തിയ അഹമ്മദ് ഇമ്രാന്റെ തകർപ്പൻ ഇന്നിങ്‌സാണ് കേരളത്തിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഷോൺ റോജർ, മുഹമ്മദ് അസറുദ്ദീൻ എന്നിവരെ കൂട്ടുപിടിച്ച് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ ഇമ്രാൻ 49-ആം ഓവറിലാണ് പുറത്തായത്. 108 പന്തുകൾ നേരിട്ട താരം 12 ബൗണ്ടറിയും രണ്ട് സിക്‌സറുകളുമടക്കം 122 റൺസ് അടിച്ചുകൂട്ടി. മുഹമ്മദ് അസറുദ്ദീൻ 55 റൺസും ഷോൺ റോജർ 19 റൺസും നേടി. നേപ്പാളിന് വേണ്ടി ആകാശ് ചന്ദ് മൂന്നും ബിപിൻ ഖത്രി രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ നേപ്പാളിനെ തടുത്ത് മഴ

332 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാളിന് തുടക്കത്തിൽ തന്നെ മായൻ യാദവിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന അർജുൻ കുമലും ദേവ് ഖനലും ചേർന്ന് 94 റൺസ് അടിച്ചുകൂട്ടി നേപ്പാളിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ 41 പന്തുകളിൽ നിന്നും 57 റൺസെടുത്ത ദേവ് ഖനൽ റണ്ണൗട്ടായതോടെ നേപ്പാൾ പ്രതിരോധത്തിലായി. തൊട്ടുപിന്നാലെ 50 റൺസെടുത്ത അർജുൻ കുമലിനെ ആസിഫ് സലാം എൽ.ബി.ഡബ്ല്യു.വിലൂടെ പുറത്താക്കി. ഇതിന് തൊട്ടുപിറകെ കനത്ത മഴയെ തുടർന്ന് മത്സരം നിർത്തുകയായിരുന്നു. പിന്നീട് വി.ജെ.ഡി. നിയമപ്രകാരം റൺറേറ്റ് പരിശോധിച്ചാണ് കേരളത്തെ വിജയികളായി പ്രഖ്യാപിച്ചത്.