ദുലീപ് ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ 57 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത് വൈഭവ് സൂര്യവംശി
ദുലീപ് ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ 57 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത് 15-കാരൻ വൈഭവ് സൂര്യവംശി. സെൻട്രൽ സോണിനെതിരെയുള്ള സെമിഫൈനൽ മത്സരത്തിൽ ഈസ്റ്റ് സോണിനായി കളിച്ച താരം, ദുലീപ് ട്രോഫി ചരിത്രത്തിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. വെറും 15 വർഷവും 157 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ നേട്ടം.
മത്സരത്തിൽ 81 പന്തുകൾ നേരിട്ട താരം 92 റൺസെടുത്ത് പുറത്തായി. ഏഴ് വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്.
കഴിഞ്ഞയാഴ്ച ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച സാരൻഷ് ജെയിനെ സിക്‌സറിന് പറത്തിക്കൊണ്ട് വെറും 42 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി തികച്ചത്. 1969-ൽ 16 വർഷവും 23 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ ലക്ഷ്മൺ സിങ്ങിന്റെ റെക്കോഡാണ് സൂര്യവംശി മറികടന്നത്.
2005-ൽ 16 വർഷവും 307 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ മുൻ ഇന്ത്യൻ താരം പിയുഷ് ചൗളയാണ് ഈ പട്ടികയിൽ മൂന്നാമൻ.
ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടു റൺസ് അകലെയാണ് വൈഭവിന് സെഞ്ചുറി നഷ്ടമായത്. ഇതോടെ സച്ചിൻ തെണ്ടുൽക്കറുടെ 36 വർഷം പഴക്കമുള്ള മറ്റൊരു ചരിത്ര റെക്കോർഡ് തകർക്കാനുള്ള അവസരമാണ് താരത്തിന് നഷ്ടമായത്. മത്സരത്തിൽ സെഞ്ചുറി നേടിയിരുന്നെങ്കിൽ, ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന സച്ചിന്റെ റെക്കോഡ് വൈഭവിന് മറികടക്കാമായിരുന്നു. 1990/91 സീസണിൽ 17 വർഷവും 262 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ഈ റെക്കോഡ് നേടിയത്.
