15-ാം വയസിൽ ഇന്ത്യൻ ജേഴ്‌സിയുമായി വൈഭവ് സൂര്യവംശി; ഇതിഹാസങ്ങൾ അനശ്വരമാക്കിയ ജേഴ്‌സി നമ്പർ

  1. Home
  2. Sports

15-ാം വയസിൽ ഇന്ത്യൻ ജേഴ്‌സിയുമായി വൈഭവ് സൂര്യവംശി; ഇതിഹാസങ്ങൾ അനശ്വരമാക്കിയ ജേഴ്‌സി നമ്പർ

vaibhav suryavanshi


പതിനഞ്ചാം വയസിൽ ഇന്ത്യൻ സീനിയർ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈഭവ് സൂര്യവംശിക്ക് തന്റെ കന്നി ടീം ഇന്ത്യ ജേഴ്‌സി കൈമാറി ബി.സി.സി.ഐ. വൈഭവ് ആദ്യമായി ഇന്ത്യൻ സീനിയർ ടീമിന്റെ ജേഴ്സി അണിയുന്നതിന്റെയും വികാരാധീനനാകുന്നതിന്റെയും ദൃശ്യങ്ങൾ ബി.സി.സി.ഐ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ സീനിയർ ടീമിലേക്ക് വൈഭവിനെ തിരഞ്ഞെടുത്തത്. അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ടീമിന്റെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവാണ് വൈഭവിന് ജേഴ്‌സി കൈമാറിയത്.


ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സുരേഷ് റെയ്‌നയും ഹർഭജൻ സിംഗും കരിയറിന്റെ ഭൂരിഭാഗം സമയത്തും അണിഞ്ഞുനടന്ന മൂന്നാം നമ്പർ ജേഴ്‌സിയാണ് വൈഭവ് സൂര്യവംശിക്ക് ബി.സി.സി.ഐ സമ്മാനിച്ചിരിക്കുന്നത്. ആദ്യമായി ഇന്ത്യൻ ജേഴ്‌സി കൈകളിൽ കിട്ടിയപ്പോഴുള്ള വികാരം വാക്കുകളാൽ വിവരിക്കാൻ കഴിയില്ലെന്നും, ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്ത ഒന്നാം ദിവസം മുതൽ കണ്ട സ്വപ്നമാണ് സഫലമായതെന്നും വൈഭവ് മനസുതുറന്നു.

അതേസമയം, ഇന്ത്യൻ ജേഴ്‌സി സ്വന്തമാക്കിയെങ്കിലും അയർലൻഡിനെതിരായ പ്ലേയിങ് ഇലവനിൽ ഇടം നേടുക വൈഭവിന് എളുപ്പമാകില്ല. ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്തിനായി മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരുമായാണ് വൈഭവിന് മത്സരിക്കേണ്ടി വരിക.