വൈഭവ് സൂര്യവന്‍ഷിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സുബിന്‍ ബറൂച്ച
ഇന്ത്യന്‍ ക്രിക്കറ്റിലെ വിസ്മയ ബാലന്‍ വൈഭവ് സൂര്യവന്‍ഷിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ മെന്ററും രാജസ്ഥാന്‍ റോയല്‍സ് ഹൈ-പെര്‍ഫോമന്‍സ് ഡയറക്ടറുമായ സുബിന്‍ ബറൂച്ച. കേവലം 15 വയസ്സ് മാത്രം പ്രായമുള്ള വൈഭവിനെ, 1989-ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പാകിസ്ഥാനെതിരെ കളത്തിലിറക്കിയതുപോലെ ധീരമായ ഒരു തീരുമാനത്തിലൂടെ ഇന്ത്യന്‍ ജേഴ്‌സി അണിയിക്കണമെന്നാണ് ബറൂച്ചയുടെ പക്ഷം.
ടി20 ഫോര്‍മാറ്റില്‍ മികവ് തെളിയിച്ചിട്ടുള്ള വൈഭവിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വലിയ പരിചയസമ്പത്തില്ലെങ്കിലും, അവന്റെ പ്രതിഭ മറ്റു താരങ്ങളേക്കാള്‍ ഏറെ മുന്നിലാണെന്ന് ബറൂച്ച ചൂണ്ടിക്കാട്ടുന്നു. ''സ്‌കോര്‍, സ്‌ട്രൈക്ക് റേറ്റ് തുടങ്ങി ഏത് അളവുകോല്‍ വെച്ച് നോക്കിയാലും വൈഭവ് കാത്തുനില്‍ക്കുന്ന മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണ്. ബിസിസിഐ ഒരു വിശ്വാസത്തോടെയുള്ള ചുവടുവെപ്പ് നടത്തേണ്ടതുണ്ട്.'' അദ്ദേഹം വിസ്ഡനോട് പറഞ്ഞു.
നിലവില്‍ ഓപ്പണറായി കളിക്കുന്ന വൈഭവ്, യഥാര്‍ത്ഥത്തില്‍ ടെസ്റ്റ് ടീമിന്റെ ലോവര്‍ മിഡില്‍ ഓര്‍ഡറിലാണ് (5 അല്ലെങ്കില്‍ 6 നമ്പര്‍) തിളങ്ങാന്‍ സാധ്യതയെന്ന് ബറൂച്ച നിരീക്ഷിക്കുന്നു. റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ കളിക്കുന്ന ഈ സ്ഥാനങ്ങളില്‍ വന്ന് അതിവേഗം റണ്‍സ് കണ്ടെത്താന്‍ വൈഭവിന് സാധിക്കും. 60-70 ഓവറുകള്‍ക്ക് ശേഷം ക്രീസിലെത്തി പെട്ടെന്ന് 40-50 റണ്‍സ് നേടി ടീമിന് കരുത്തുപകരാന്‍ അവന് കഴിയും.
