വൈഭവ് ഇന്ത്യൻ ടീമിലേക്ക്; ഏറ്റവും പ്രായം കുറഞ്ഞ താരമാകും, സച്ചിനെ മറികടക്കും
ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യൻ ദേശീയ ടീമിലേക്ക്. ജൂണിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ട്വന്റി-20 ടീമിൽ വൈഭവിനെ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് വൈഭവ് തിരുത്തിക്കുറിക്കും. 16-ാം വയസ്സിലായിരുന്നു സച്ചിന്റെ അരങ്ങേറ്റമെങ്കിൽ, അതിലും കുറഞ്ഞ പ്രായത്തിലാണ് വൈഭവ് നീലക്കുപ്പായമണിയാൻ ഒരുങ്ങുന്നത്.
അയർലൻഡ് പര്യടനത്തിനായുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ സെലക്ടർമാർ വൈഭവിനെ ഉൾപ്പെടുത്തിയതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 26, 28 തീയതികളിലായി രണ്ട് ട്വന്റി-20 മത്സരങ്ങളാണ് അയർലൻഡിനെതിരെ നിശ്ചയിച്ചിരിക്കുന്നത്. ഈ പരമ്പരയിൽ തിളങ്ങാൻ കഴിഞ്ഞാൽ തൊട്ടുപിന്നാലെ നടക്കുന്ന സിംബാബ്‌വെ പര്യടനത്തിലേക്കും വൈഭവിനെ പരിഗണിച്ചേക്കും. ഐപിഎൽ ചെയർമാൻ അരുൺ ധുമൽ ഉൾപ്പെടെയുള്ള പ്രമുഖർ വൈഭവിന് ഇതിനോടകം തന്നെ വലിയ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഐപിഎൽ 2026 സീസണിൽ വൈഭവ് പുറത്തെടുത്ത ബാറ്റിംഗ് പ്രകടനം അവിസ്മരണീയമാണെന്നും ഇത്രയും ചെറുപ്പത്തിൽ ഇത്തരം കഴിവുള്ള താരങ്ങളെ കണ്ടെത്തുന്നത് അപൂർവ്വമാണെന്നും അരുൺ ധുമൽ എക്സിൽ കുറിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി മാറാൻ വൈഭവ് പൂർണ്ണമായും അർഹനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന അയർലൻഡ് പര്യടനം വൈഭവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകുമെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.
