വിജയ് ഹസാരെ ട്രോഫി: രാജസ്ഥാനെ വീഴ്ത്തി കേരളം; അവസാന പന്തിൽ സിക്സർ പറത്തി ഈഡൻ ആപ്പിൾ ടോം

  1. Home
  2. Sports

വിജയ് ഹസാരെ ട്രോഫി: രാജസ്ഥാനെ വീഴ്ത്തി കേരളം; അവസാന പന്തിൽ സിക്സർ പറത്തി ഈഡൻ ആപ്പിൾ ടോം

vijay hasare


വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന് ആവേശകരമായ വിജയം. അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് കേരളം രാജസ്ഥാനെ കീഴടക്കിയത്. രാജസ്ഥാൻ ഉയർത്തിയ 344 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. സെഞ്ചുറി നേടിയ ബാബ അപരാജിതിന്റേയും (126) വാലറ്റത്ത് വെടിക്കെട്ട് പ്രകടനം നടത്തിയ ഈഡൻ ആപ്പിൾ ടോമിന്റേയും (40*) മികവിലാണ് കേരളത്തിന്റെ ജയം.

ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെ (0) നഷ്ടമായ കേരളത്തെ ബാബ അപരാജിതും കൃഷ്ണപ്രസാദും (61) ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേർന്ന് 155 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബാബ അപരാജിത് 116 പന്തിൽ 12 ഫോറും 4 സിക്സുമടക്കം 126 റൺസ് അടിച്ചെടുത്തു. എന്നാൽ മധ്യനിര തകർന്നതോടെ ഒരു ഘട്ടത്തിൽ 287 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ കേരളം പതറി. ഈ സമയത്താണ് ഈഡൻ ആപ്പിൾ ടോം രക്ഷകനായി എത്തിയത്. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ സിക്സർ പറത്തിയാണ് ഈഡൻ കേരളത്തിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ കരൺ ലാംബയുടെ (131) കരുത്തിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ദീപക് ഹൂഡ 86 റൺസ് നേടി. കേരളത്തിനായി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഈ ജയത്തോടെ ടൂർണമെന്റിൽ കേരളം തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുകയാണ്.