വിജയ് ഹസാരെ ട്രോഫി: കേരളത്തെ രോഹൻ കുന്നുമ്മൽ നയിക്കും; സഞ്ജു സാംസൺ ടീമിൽ
വിജയ് ഹസാരെ ട്രോഫി ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും. സഞ്ജു സാംസൺ, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം കേരള ക്രിക്കറ്റ് ലീഗിൽ (KCL) തിളങ്ങിയ യുവതാരങ്ങളും ഉൾപ്പെടുന്ന ശക്തമായ നിരയെയാണ് കെസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. അമയ് ഖുറേസിയയാണ് ടീമിന്റെ പരിശീലകൻ.
ഡിസംബർ 24 മുതൽ ജനുവരി 8 വരെ അഹമ്മദാബാദിലാണ് കേരളത്തിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്നത്. ശക്തരായ തമിഴ്‌നാട്, കർണാടക, മധ്യപ്രദേശ് തുടങ്ങിയ ടീമുകൾ ഉൾപ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം മത്സരിക്കുന്നത്. ഡിസംബർ 24-ന് ത്രിപുരയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ പോരാട്ടം. ഝാർഖണ്ഡ്, രാജസ്ഥാൻ, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
അടുത്ത മാസം 21-ന് ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ആരംഭിക്കാനിരിക്കെ, സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫിയിലെ എത്ര മത്സരങ്ങളിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്കിലും ടി20 പരമ്പരയ്ക്ക് മുന്നോടിയായുള്ള മികച്ച പരിശീലനമായി ഈ ടൂർണമെന്റിനെ കാണാം. ന്യൂസിലൻഡിനെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് കളിക്കുന്നത്.
കേരള ടീം: രോഹൻ കുന്നുമ്മൽ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ, അഭിഷേക് നായർ, കൃഷ്ണ പ്രസാദ്, അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ വി, ബിജു നാരായണൻ, അങ്കിത് ശർമ, ബാബ അപരാജിത്, വിഘ്‌നേഷ് പുത്തൂർ, നിധീഷ് എം ഡി, ആസിഫ് കെ എം, അഭിഷേക് പി നായർ, ഷറഫുദ്ദീൻ എൻ എം, ഏദൻ ആപ്പിൾ ടോം.
