വിജയ് മർച്ചന്റ് ട്രോഫി: ആദിത്യന്റെ പത്തു വിക്കറ്റ് പ്രകടനം; വിജയത്തിനരികെ കേരളം സമനിലയിൽ കുരുങ്ങി

  1. Home
  2. Sports

വിജയ് മർച്ചന്റ് ട്രോഫി: ആദിത്യന്റെ പത്തു വിക്കറ്റ് പ്രകടനം; വിജയത്തിനരികെ കേരളം സമനിലയിൽ കുരുങ്ങി

vijay trophy


16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെതിരെ കേരളത്തിന് ആവേശകരമായ സമനില. ജയിക്കാൻ 193 റൺസ് ആവശ്യമായിരുന്ന ബംഗാളിനെ എട്ട് വിക്കറ്റിന് 128 റൺസ് എന്ന നിലയിൽ തളച്ചിടാൻ കേരളത്തിന് സാധിച്ചെങ്കിലും അവസാന വിക്കറ്റുകൾ വീഴ്ത്താൻ കഴിയാതിരുന്നത് തിരിച്ചടിയായി.

മൂന്നാം ദിനം ജയം ലക്ഷ്യമിട്ട് അതിവേഗം ബാറ്റ് വീശിയ കേരളം രണ്ടാം ഇന്നിങ്സ് ഒമ്പത് വിക്കറ്റിന് 207 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തു. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ വിശാൽ ജോർജും (49) ദേവർഷും (36) ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. അദ്വൈത് വി. നായരും (34) അഭിനവ് ആർ. നായരും (28) അവസാന ഓവറുകളിൽ സ്കോർ ഉയർത്തി. ബംഗാളിനായി ആകാശ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ കേരള ബൗളർ എസ്.വി. ആദിത്യന്റെ പന്തുകൾക്ക് മുന്നിൽ ബംഗാൾ പതറി. ആദ്യ ഓവറുകളിൽ തന്നെ ഓപ്പണർമാരെ പുറത്താക്കിയ ആദിത്യൻ രണ്ടാം ഇന്നിങ്സിലും അഞ്ച് വിക്കറ്റ് നേട്ടം (5/45) സ്വന്തമാക്കി. ക്യാപ്റ്റൻ രാജേഷ് മൊണ്ടൽ ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ വീണത് കേരളത്തിന് വിജയപ്രതീക്ഷ നൽകി. എന്നാൽ പത്താമനായി ഇറങ്ങിയ പ്രബീൺ ഛേത്രിയെ കൂട്ടുപിടിച്ച് രാജേഷ് മൊണ്ടൽ നടത്തിയ 15 ഓവറിലധികം നീണ്ട പോരാട്ടം കേരളത്തിന്റെ വിജയം തടഞ്ഞു.

ആദ്യ ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആദിത്യൻ ബാറ്റിങ്ങിലും (37 റൺസ്) മികവ് കാട്ടി. നവനീത് കെ.എസ് രണ്ട് വിക്കറ്റെടുത്തു.

സ്‌കോർ ചുരുക്കം:

  • കേരളം: 178 & 207/9 (ഡിക്ലയേഡ്)
  • ബംഗാൾ: 193 & 128/8