വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം; ട്രയൽസിൽ പങ്കെടുക്കാം, ഗുസ്തി ഫെഡറേഷന് സുപ്രീംകോടതിയിൽ കനത്ത തിരിച്ചടി
ഗുസ്തിതാരവും ഒളിമ്പിക് മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. ഡൽഹി ഹൈക്കോടതിയുടെ അനുകൂല വിധിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (WFI) നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന തീരുമാനം.
വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ വലിയ അഭിമാനമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഒരുപക്ഷേ നിലപാട് വ്യത്യസ്തമായേനെ എന്നും, എന്നാൽ വിനേഷിന്റെ കാര്യത്തിൽ രാജ്യാന്തര തലത്തിലുള്ള അവരുടെ സംഭാവനകൾ പരിഗണിക്കാതിരിക്കാനാകില്ലെന്നും കോടതി പരാമർശിച്ചു. സുപ്രീംകോടതിയും അനുകൂല നിലപാടെടുത്തതോടെ വിനേഷിന് ഏഷ്യൻ ഗെയിംസ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി.
നേരത്തെ, വിനേഷിനെ വിലക്കാൻ ശ്രമിച്ച ഗുസ്തി ഫെഡറേഷനെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 2025 ലും 2026 ലും നടന്ന നിർദ്ദിഷ്ട ടൂർണമെന്റുകളിൽ മെഡൽ നേടിയവർക്ക് മാത്രമേ ട്രയൽസിൽ പങ്കെടുക്കാൻ കഴിയൂ എന്ന പുതിയ നിയമമാണ് ഫെഡറേഷൻ കൊണ്ടുവന്നത്. പാരീസ് ഒളിമ്പിക്സിന് ശേഷം വിനേഷ് മറ്റ് മത്സരങ്ങളിൽ പങ്കെടുക്കാതിരുന്നതിനാൽ ഈ നിയമം വഴി താരത്തെ പുറത്താക്കാനായിരുന്നു ഫെഡറേഷന്റെ നീക്കം. ഇതിനെതിരെ വിനേഷ് നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ രാജ്യത്തിന്റെ പരമോന്നത കോടതിയിലും വിജയത്തിലെത്തിയത്.
